പാലക്കാട്: ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വനിതാ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് 29,000 രൂപ പിടിച്ചെടുത്തു. പാലക്കാട് വേലന്തളം ആർടിഒ ചെക്‌പോസ്റ്റിലാണ് സംഭവം. ഡിവൈഎസ്പി എം. ഗംഗാധരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ വനിതാ ഉദ്യോഗസ്ഥ ഇടനിലക്കാരിൽ നിന്ന് പണം വാങ്ങി ബാഗിലിട്ട് കാറിൽ കയറുമ്പോഴാണ് പിടികൂടിയത്.
അയൽ സംസ്ഥാനങ്ങളിൽ നിന്നുവരുന്ന ചരക്കുവാഹനങ്ങളെ കൈക്കൂലി വാങ്ങി പരിശോധന കൂടാതെ കടത്തിവിടുന്നെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ചരക്കുലോറികളിൽ നിന്ന് ഇടനിലക്കാർ മുഖേന വാങ്ങുന്ന പണം ജോലി കഴിഞ്ഞുപോകുമ്പോൾ ഉദ്യേഗസ്ഥരുടെ പക്കൽ കൊടുത്തുവിടുകയാണ് പതിവ്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മദ്ധ്യമേഖല സൂപ്രണ്ട് ഡോ. ജെ. ഹിമേന്ദ്രനാഥിന്റെ നിർദ്ദേശപ്രകാരം ചെക്‌പോസ്റ്റും പരിസരവും നിരീക്ഷണത്തിലാക്കിയിരുന്നു.
തുടർന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ ഇടനിലക്കാരനിൽ നിന്ന് പണം സ്വീകരിച്ച് വാഹനത്തിൽ കയറാനൊരുങ്ങവേയാണ് പിടിയിലായത്. ബാഗിൽ നിന്ന് 500 രൂപയുടെ 58 നോട്ടുകളാണ് കണ്ടെത്തിയത്. തുകയ്‌ക്ക് രേഖ കാണിക്കുകയോ വ്യക്തമായ കാരണം ബോധിപ്പിക്കുകയോ ചെയ്യാനായില്ല.
















Comments