മാതാപിതാക്കൾക്ക് ഏറെ ടെൻഷനുണ്ടാക്കുന്ന കാലമാണ് മക്കൾ കൗമാരത്തിലേക്ക് കടക്കുന്ന സമയം. ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങളാണ് ഒരു സമയം നമ്മുടെ വിരൽതുമ്പ് പിടിച്ചു നടന്ന കുട്ടികുറുമ്പൻമാർക്ക് ഉണ്ടാവുന്നത്. ശ്രദ്ധയോടെ നാം പെരുമാറിയില്ലെങ്കിൽ കുട്ടികളുമായുള്ള ഊഷ്മളമായ സ്‌നേഹബന്ധത്തിൽ വിള്ളൽ വീഴാനും അവർ ചതിക്കുഴികളിൽ വീണു പേകാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ആദ്യം തന്നെ കുട്ടികൾ കൗമാരത്തിലെത്തുമ്പോൾ അവർക്ക് നിരവധി മാറ്റങ്ങൾ ഉണ്ടാവുമെന്ന് മാതാപിതാക്കൾ സ്വയം തിരിച്ചറിയണം. പണ്ടുണ്ടായിരുന്ന പെരുമാറ്റ രീതിയോ ക്ഷമയോ ഒന്നും ഈ പ്രായത്തിൽ കാണണമെന്ന് ഇല്ല. കൗമാരത്തിലേക്ക് കടക്കുമ്പോൾ കുട്ടിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തിരഞ്ഞെടുപ്പുകളും മാറും. അത് വ്യക്തിപരമായി എടുക്കരുതെന്നും അവരുടെ മേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കരുതെന്നും മാതാപിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്.
കൂടുതലായും കൗമാരക്കാരായ ആൺകുട്ടികളോടുള്ള അടുപ്പം മാതാപിതാക്കൾക്ക് കുറയാറുണ്ട്. ചിന്തകളില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ, അശ്രദ്ധ, ആരോടും ആലോചിക്കാതെ എടുത്തു ചാടുന്ന പ്രകൃതം ഇവയൊക്കെയാകും നിങ്ങളെ അവരിൽ നിന്ന് അകറ്റി നിർത്തുന്നത്. ഒരു കാര്യം മനസിലാക്കുക മിക്ക കൗമാരക്കാരും നിയന്ത്രണങ്ങളെല്ലാം പൊട്ടിച്ചെറിഞ്ഞ് സ്വന്തം ലോകത്ത് പാറിപ്പറന്ന് നടക്കാനാണ് ഈ സമയം ഇഷ്ടപ്പെടുക. എന്നാൽ ഇതൊന്നും മാതാപിതാക്കൾ വകവച്ച് കൊടുക്കാറില്ല. ഇത് മിക്കപ്പോഴും കൗമാരക്കാരായ ആൺകുട്ടികൾക്ക് ആഴത്തിലുള്ള ഉത്കണ്ഠ, നീരസം, പരാജയബോധം, അരക്ഷിതാവസ്ഥ എന്നിവ അനുഭവപ്പെടുന്നതിന് കാരണമാകുന്നു.
കുട്ടികളെ അപമാനിക്കരുത്
കൗമാരക്കാരാണെങ്കിലും അവരും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉള്ള വ്യക്തിയാണെന്ന് തിരിച്ചറിവ് വേണം. തെറ്റ് ചൂണ്ടിക്കാണിക്കാതെ അപമാനിക്കുന്നത് മക്കളുടെ ആത്മവിശ്വാസത്തെ തന്നെ തകർക്കും. പലതരത്തിലുള്ള വികാരങ്ങൾ മാറിമാറി വരുന്ന സമയമാണ് കൗമാരപ്രായം. നിരാശയും സങ്കടവും ദേഷ്യവും പലപ്പോഴും പ്രകടിപ്പിച്ചെന്ന് വരാം. അപ്പോഴൊക്കെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഒരുമിച്ച് കണ്ടെത്താമെന്ന് പറഞ്ഞ് കൂടെ നിൽക്കണം.
രക്ഷിതാക്കൾ വിഷമിക്കാതിരിക്കുക
മാതാപിതാക്കൾ വിഷമിച്ചിരിക്കുന്നത് അവരെ ചിലപ്പോൾ വിഷമിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്‌തേക്കാം.
എപ്പോഴും പോസിറ്റീവ് എനർജി മക്കളുടെ ചുറ്റും നിറക്കാൻ ശ്രമിക്കണം. അതിന് അവർക്ക് സന്ദേശങ്ങൾ ധാരാളമുള്ള ജീവിത കഥകൾ പറഞ്ഞു കൊടുക്കാം. തോറ്റു പോകും എന്ന ചിന്തയിൽ നിന്ന് അവരെ കരകയറ്റാൻ ഒരു പക്ഷേ അത് മതിയാകും.
സമയം കണ്ടെത്തുക
കുട്ടി പറയുന്നത് ശ്രദ്ധിക്കാൻ സമയം കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. കുട്ടിക്ക് വേണ്ടി നിങ്ങൾ സമയം കണ്ടെത്തുകയും അവരുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുകയും വേണം
താരതമ്യം അരുത്
കുട്ടിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. കുട്ടിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് അവരുടെ ആത്മാഭിമാനവും ആത്മവിശ്വാസവും കുറയ്‌ക്കുന്നു. കുട്ടികളോടുള്ള സ്‌നേഹം തുറന്ന് പ്രകടിപ്പിക്കുക. നിങ്ങൾക്ക് കുട്ടികളുടെ രീതികൾ എങ്ങനെ അനുഭവപ്പെടുന്നുവെന്നത് അവരെ ധരിപ്പിക്കുക
നല്ല സൗഹൃദങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം
മക്കൾക്ക് നല്ല സുഹൃദ് ബന്ധങ്ങൾ ഉണ്ടെന്ന് മാതാപിതാക്കൾ ഉറപ്പു വരുത്തണം. മനസിലെ ഓരോ കാര്യങ്ങളും ഷെയർ ചെയ്ത് അവനിലെ വ്യക്തി വളരും. അവൻ ഒരു നല്ല സാമൂഹിക ജീവിയാകും. അതേ സമയം അവന്റെ സൗഹൃദ വലയവും സുഹൃദ് കേന്ദ്രങ്ങളും നല്ലതാണ് എന്നുകൂടി ഉറപ്പു വരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനാൽ അവന്റെ സുഹൃത്തുക്കളുമായി നിങ്ങൾക്കും നല്ല ബന്ധമുണ്ടാവണം. അവരെ ഇടക്ക് വീട്ടിലേക്ക് ക്ഷണിക്കണം. എല്ലാം സംസാരിച്ചറിയണം.
















Comments