നടൻ കമൽഹാസന് മന്ത്രി സ്ഥാനം നൽകണമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. തമിഴ്നാട്ടിൽ ഒരു സിനിമാ ക്ഷേമ മന്ത്രി വേണമെന്നും, ആ സ്ഥാനത്ത് കമൽഹാസനെ നിയോഗിക്കണമെന്നുമാണ് സംവിധായകൻ ആവശ്യപ്പെടുന്നത്. സിനിമാ ക്ഷേമ മന്ത്രിയാകാൻ ഏറ്റവും അനിയോജ്യനായ വ്യക്തി കാമൽഹാസനാണെന്നും, അദ്ദേഹത്തെ ചുമതല ഏൽപ്പിച്ചാൽ സിനിമാ വ്യവസായത്തിന് കുതിപ്പ് ഉണ്ടാകുമെന്നും അൽഫോൺസ് പറയുന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മന്ത്രി ഉദയനിധി സ്റ്റാലിനും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് അൽഫോൺസ് പുത്രൻ.
‘മുഖ്യമന്ത്രി എം കെ സ്റ്റാലിനോടും യുവജനക്ഷേമ കായിക മന്ത്രി ഉദയനിധിയോടും ഒരു അഭ്യർത്ഥന. ദയവായി സിനിമാ ക്ഷേമ മന്ത്രി എന്ന പേരിൽ ഒരു മന്ത്രി സ്ഥാനം രൂപീകരിക്കുക. കമൽ ഹാസനെ സിനിമാ ക്ഷേമ മന്ത്രിയാക്കുക. ഇതിലൂടെ സിനിമ കൂടുതൽ അഭിവൃദ്ധി പ്രാപിക്കും. സിനിമയുടെ ബിസിനസ് 10 മടങ്ങ് കൂടും. ബിസിനസ് കൂടുതലാകുമ്പോൾ അത് സർക്കാരിനും ജനങ്ങൾക്കും നേരിട്ട് ഗുണം ചെയ്യും. എന്തുകൊണ്ട് കമൽഹാസനെ മന്ത്രിയാക്കണമെന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ, ആ സ്ഥാനത്തിന് അർഹനായ ലോകത്തിലെ ഒരേ ഒരു വ്യക്തി കമൽഹാസൻ എന്നായിരിക്കും ഉത്തരം’.
‘തിരക്കഥ എഴുതാനും സിനിമകൾ നിർമ്മിക്കാനും മേക്കപ്പ് ചെയ്യാനും കമൽഹാസന് അറിയാം. ലോകത്തിലെ ഏറ്റവും മികച്ച നടനാണ് അദ്ദേഹം. പാടാനും നൃത്തം ചെയ്യാനും മാസും ക്ലാസും ചെയ്യാനും, സിനിമ സംവിധാനം ചെയ്യാനും അദ്ദേഹത്തിന് സാധിക്കും. തന്റെ സിനിമകളിലൂടെ ചലച്ചിത്ര മേഖലയിലെ ഏറ്റവും ക്ഷമയും സഹിഷ്ണുതയും ഉള്ള അദ്ധ്യാപകനാണ് കമൽഹാസൻ. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കൂടുതൽ സമയവും സിനിമയ്‌ക്ക് വേണ്ടി ചിലവഴിച്ചു. അതിനാൽ സിനിമയുടെയും നികുതിയുടെയും ഉന്നമനത്തിനായുള്ള ഈ അഭ്യർത്ഥന ദയവായി പരിഗണിക്കണം. സിനിമയിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികളും ലോകത്തിലെ ഏറ്റവും മികച്ച മാസ്റ്ററിൽ നിന്നും പഠിക്കട്ടെ’ എന്നാണ് അൽഫോൺസ് പുത്രൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Comments