കാബൂൾ: അഫ്ഗാനിസ്ഥാനിലെ എല്ലാ എൻജിഒകളിൽ (NGO) നിന്നും വനിതാ ജീവനക്കാരെ പിരിച്ചുവിടണമെന്ന് താലിബാന്റെ ഉത്തരവ്. സാമ്പത്തിക മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ പ്രാദേശിക-വിദേശ സർക്കാരിതര ഓർഗനൈസേഷനിലും ജോലിക്ക് വരുന്ന വനിതകളെ തടയണമെന്നാണ് രാജ്യം ഭരിക്കുന്ന താലിബാന്റെ നിർദേശം.
ഇക്കാര്യത്തിൽ പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ സ്ത്രീ ജീവനക്കാർ എൻജിഒകളിൽ ജോലിക്ക് വരരുതെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. വിദ്യാർത്ഥിനികളെ യൂണിവേഴ്‌സിറ്റികളിൽ വിലക്കിയതിന് പിന്നാലെയാണ് താലിബാന്റെ പുതിയ ശാസന. രാജ്യത്തെ സ്വകാര്യ-സർക്കാർ സർവകലാശാലകളിൽ പഠനത്തിനായി വരുന്ന വിദ്യാർത്ഥിനികളെ കഴിഞ്ഞ ദിവസമായിരുന്നു താലിബാൻ വിലക്കിയത്.
തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നിരുന്നു. വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ നയത്തിനെതിരെ ലോക രാജ്യങ്ങൾ അപലപിക്കുകയും ചെയ്തു. യൂണിവേഴ്‌സിറ്റികളിലെ ആൺകുട്ടികൾ പരീക്ഷ ബഹിഷ്‌കരിച്ചാണ് വിദ്യാർത്ഥിനകൾക്ക് ഐക്യദാർഢ്യം അറിയിച്ചത്. ഇതിന് പിന്നാലെയാണ് എൻജിഒകളിലും സ്ത്രീകളുടെ സാന്നിധ്യം താലിബാൻ നിഷേധിച്ചിരിക്കുന്നത്.
Comments