തിരുവനന്തപുരം: ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നേതാക്കൾക്കെതിരായ റിസോർട്ട്, കള്ളപ്പണം വെളുപ്പിക്കൽ, ക്വട്ടേഷൻ തുടങ്ങിയ വിവാദങ്ങളിലൂടെ സി.പി.എമ്മിലെ ജീർണത മറനീക്കി പുറത്തു വരികയാണ്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ സാമൂഹികവിരുദ്ധ ഇടപാടുകൾക്ക് പിന്നിലും സി.പി.എം സാന്നിദ്ധ്യമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ഇപി ജയരാജനെതിരെ പി. ജയരാജൻ ആരോപണം ഉന്നയിച്ചെന്ന വാർത്ത മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിട്ടും അമ്പരപ്പിക്കുന്ന മൗനമാണ് മുഖ്യമന്ത്രിയുടെയും പാർട്ടി നേതാക്കളുടെയും ഭാഗത്ത് നിന്നുണ്ടായത്. അവർ പ്രതികരിക്കുന്നില്ലെന്നു മാത്രമല്ല ആരോപണങ്ങൾ നിഷേധിക്കാനും തയാറായിട്ടില്ല. അധികാരത്തിൽ എത്തിയതിന് പിന്നാലെ ആറു വർഷമായി സി.പി.എമ്മിൽ നടക്കുന്ന ജീർണതകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ മന്ത്രി ആയിരുന്ന നേതാവ് അനധികൃതമായി സമ്പാദിച്ച പണം കൊണ്ടാണ് റിസോർട്ട് നിർമ്മിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് പുറത്ത് വന്നത്. മറ്റൊരു നേതാവിന് സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് മറുവിഭാഗം പറയുന്നത്. എസ്.എഫ്.ഐ- ഡിവൈഎഫ്.ഐ നേതാക്കളുടെ വിക്രിയകൾ പുറത്തു വന്നതിന് പിന്നാലെ അത് ഏരിയാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കടന്ന് ഇപ്പോൾ കേന്ദ്ര കമ്മിറ്റിയിൽ എത്തി നിൽക്കുക ആണെന്നായിരുന്നു വിഡി സതീശന്റെ കുറ്റപ്പെടുത്തൽ.
റിസോർട്ടിനെതിരെ കെ. സുധാകരനും കണ്ണൂർ ഡി.സി.സിയും നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നതാണ്. റിസോർട്ടിനെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എല്ലാ സി.പി.എം നേതാക്കൾക്കും അറിയാം. അതുകൊണ്ടു തന്നെ മാദ്ധ്യമ വാർത്തകൾക്കും അപ്പുറം ഈ വിവാദത്തിന് മാനങ്ങളുണ്ട്. പി. ജയരാജൻ പാർട്ടി കമ്മറ്റിയിൽ ആരോപണം ഉന്നയിക്കുന്നത് മുൻപ് ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട വ്യക്തി ഏതെല്ലാം സി.പി.എം നേതാക്കളെ കണ്ടിട്ടുണ്ടെന്ന് മാദ്ധ്യമങ്ങൾ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ക്വട്ടേഷൻ, സ്വർണക്കടത്ത്, റിസോർട്ട് മാഫിയ ഉൾപ്പെടെ എല്ലാ ഏർപ്പാടുകളും സി.പി.എം നേതാക്കൾക്കുണ്ട്. സി.പി.എം പോലുള്ള ഒരു പാർട്ടിയിൽ നടക്കേണ്ട കാര്യങ്ങളല്ല ഇപ്പോൾ നടക്കുന്നത്. ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്ത് വരുമെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നും അറിയാതെയല്ല പി ജയരാജൻ ആരോപണം ഉന്നയിച്ചത്. ഇരുമ്പ് മറയ്‌ക്കുള്ളിലായിരുന്ന കാര്യങ്ങൾ ആ ഇരുമ്പ് മറയും തകർത്ത് പുറത്ത് വന്നിരിക്കുകയാണ്. പരസ്പരമുള്ള ചെളിവാരി എറിയലുകളാണ് ഇപ്പോൾ നടക്കുന്നത്. സാമൂഹിക വിരുദ്ധ ശക്തികളുമായുള്ള ഓരോ നേതാക്കളുടെയും ബന്ധങ്ങളാണ് പുറത്ത് വരുന്നത്. വിവാദങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറിക്കാണ്. എന്നാൽ അദ്ദേഹം ഉൾപ്പെടെയുള്ള നേതാക്കൾ ഒന്നും പറായാൻ തയാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളത്തിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് രാഷ്‌ട്രീയ രക്ഷാകർതൃത്വം നൽകുന്നത് സി.പി.എം നേതാക്കളാണ്. മയക്ക് മരുന്ന് വിരുദ്ധ പരിപാടിയിൽ പങ്കെടുക്കുന്നവർ പരിപാടി കഴിഞ്ഞ് പോകുന്നത് എങ്ങോട്ടാണെന്ന് നാം കണ്ടതാണ്. ഇത്തരത്തിലുള്ള ഏത് കേസ് വന്നാലും അതിൽ സി.പി.എമ്മുകാരൻ ഉണ്ടാകുന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത് അദ്ദേഹം തുറന്നടിച്ചു.
Comments