വയനാട്: മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വയനാട് പനമരത്താണ് സംഭവം. വീട്ടമ്മയുടെ പരാതിയിൽ ഒരു സ്ത്രീ ഉൾപ്പടെ നാലുപേർക്കെതിരെ പനമരം പോലീസ് കേസെടുത്തു. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയും മന്ത്രവാദിയുമായ സയ്യിദ് മുഹമ്മദ് ബാദുഷ തങ്ങൾ(48), ഇയാളുടെ സഹായികളായ അഞ്ചുകുന്ന് സ്വദേശി ആസിയ ബീവി(45), മജീദ്(52), മൊയ്ദീൻ(55) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
സഹോദരിയുടെ ഭർത്താവിന്റെ മദ്യപാനം മാറ്റുന്നതിനായാണ് പരാതിക്കാരി മന്ത്രവാദിയെ സമീപിച്ചത്. ആസിയ ബീവി വഴിയാണ് ഇവർ മന്ത്രവാദിയുടെ അടുത്തെത്തിയത്. അസിയയുടെ വീട്ടിലേക്കാണ് പരാതിക്കാരിയെയും സഹോദരിയെയും വിളിച്ചുവരുത്തിയത്. ഇവിടെവച്ച് ബാദുഷ തങ്ങൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിക്കാരി മൊഴി നൽകിയത്.
മറ്റ് പ്രതികളുടെ ഒത്താശയോടെ ബാദുഷ തങ്ങളെ പരാതിക്കാരിയെ ലൈംഗിക താൽപര്യത്തോടെ കടന്നുപിടിക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. അമ്പതിനായിരം രൂപ പ്രതികൾ തട്ടിയെടുത്തായും പരാതിയുണ്ട്. ഡിസംബർ ആദ്യ വാരമാണ് സംഭവം നടന്നത്.
പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Comments