അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന്റെ മരണത്തിൽ ആദരമർപ്പിച്ച് പ്രമുഖർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങീ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
അമ്മയെ നഷ്ടപ്പെടുക എന്നത് ലോകത്തിലെ ഏറ്റവും വലിയ വേദനയാണെന്ന് അമിത് ഷാ പറഞ്ഞു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ അമ്മ ഹീരാ ബായുടെ മരണവാർത്ത ഏറെ ദു:ഖത്തോടെയാണ് കേട്ടത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ആദ്യത്തെ സുഹൃത്തും അദ്ധ്യാപികയും അമ്മയാണ്. അമ്മയെ നഷ്ടപ്പെടുക എന്നത് ലോകത്തിലെ ഏറ്റവും വലിയ വേദനയാണ്. കുടുംബത്തിന് വേണ്ടി ഹീരാ ബാ നടത്തിയ പോരാട്ടങ്ങൾ എല്ലാവർക്കും എന്നും പ്രചോദനമാണ്. അവരുടെ ത്യാഗപൂർണവും സന്യാസതുല്ല്യവുമായ ജീവിതം എന്നും നമ്മൾ ഓർമ്മിക്കും. ഈ അവസരത്തിൽ പ്രധാനമന്ത്രിക്കും കുടുംബത്തിനും ഒപ്പം നിൽക്കുന്നു, കോടിക്കണക്കിന് ജനങ്ങളുടെ പ്രാർത്ഥന താങ്കൾക്കൊപ്പമുണ്ട്. ഓം ശാന്തി’ അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
അമ്മയുടെ മരണം ഉണ്ടാക്കിയ വിടവ് നികത്തുക എന്നത് അസാദ്ധ്യമായ കാര്യമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കുറിച്ചു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ അമ്മ ഹീരാ ബായുടെ വിയോഗത്തിൽ അതിയായ ദു:ഖമുണ്ട്. അമ്മയുടെ മരണം നികത്താൻ കഴിയാത്ത ശൂന്യതയാണ് ഒരാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത്. ഈ സമയം പ്രധാനമന്ത്രിയ്‌ക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നുവെന്നും’ രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.
സ്‌നേഹത്തിന്റെും ലാളിത്യത്തിന്റെയും പ്രതിഫലനമായിരുന്നു ഹീരാബെൻ എന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. ‘ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബായുടെ മരണം അതിയായ ദു:ഖം ഉണ്ടാക്കുന്ന വാർത്തയാണ്. സ്‌നേഹം, ലാളിത്യം, കഠിനാധ്വാനം, ജീവിതമൂല്യങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം മികച്ച ഉദാഹരണമായിരുന്നു ഹീരാബ. ദൈവം അമ്മയുടെ ആത്മാവിന് ശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.’അദ്ദേഹം ട്വീറ്റ് ചെയ്തു.
അമ്മയുടെ മരണം താങ്ങാനാവാത്തതും നികത്താനാവാത്തതുമായ നഷ്ടമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ‘ഒരു മകനെ സംബന്ധിച്ച് അമ്മയായിരിക്കും അവന്റെ ലോകം. അമ്മയുടെ മരണം മകനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ അമ്മയുടെ മരണം വളരെ ദുഃഖമുണ്ടാക്കുന്നു. അമ്മയുടെ ആത്മാവിന് ശ്രീരാമപാദങ്ങളിൽ സ്ഥാനം ലഭിക്കട്ടെ’ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഹീരാബെന്നിന്റെ ത്യാഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഒരു നേതാവിനെ വളർത്തിയെടുത്തതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുറിച്ചു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ അമ്മ ഹീരാബെന്നിന്റെ മരണവാർത്ത വളരെ ദുഃഖകരമാണ്. അമ്മയ്‌ക്ക ആദരാഞ്ജലികൾ അർപ്പിക്കുന്നു. ബുദ്ധിമുട്ടേറിയ ജീവിതത്തിനിടയിലും ഹീരാബാ തന്റെ കുടുംബത്തിന് നൽകിയ മൂല്യങ്ങളിലൂടെയാണ് രാജ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഒരു നേതാവിനെ ലഭിച്ചതെന്നും’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പ്രതിപക്ഷ നേതാക്കളും ഹീരാബെന്നിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ഏറെ ദു:ഖകരമായ വാർത്തയാണ്, പ്രധാനമന്ത്രിയോട് അനുശോചനങ്ങൾ അറിയിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കുറിച്ചു. ഹീരാബെന്നിന്റെ ആത്മാവിന് ദൈവം തന്റെ അരികിൽ ഇടെ നൽകട്ടെ എന്നും, കുടുംബാംഗങ്ങൾക്കും പ്രധാനമന്ത്രിക്കും ഈ വിയോഗം താങ്ങാനുള്ള ധൈര്യം ലഭിക്കട്ടെ എന്നുമാണ് പ്രിയങ്ക വദ്ര ട്വീറ്റ് ചെയ്തത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും അനുശോചനം പങ്കുവച്ചിട്ടുണ്ട്. ‘ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, അമ്മ ഹീരാബയുമായി താങ്കൾക്കുള്ള വൈകാരിക ബന്ധം ഞങ്ങൾക്കെല്ലാം അറിയാം. അമ്മയെ നഷ്ടപ്പെട്ട ദുഃഖം താങ്ങാൻ കഴിയാത്തതാണ്. ഞാനും ഈ വാർത്തയിൽ ദുഃഖിതനാണ്. ഈ വാർത്തയിൽ അനുശോചനം അറിയിക്കുന്നു. അമ്മയുമൊത്ത് പങ്കിട്ട നിമിഷങ്ങൾ താങ്കൾക്ക് ഈ സമയം ധൈര്യം നൽകട്ടെ എന്നും’ എം.കെ.സ്റ്റാലിൻ കുറിച്ചു. പ്രധാനമന്ത്രിയുടെ അമ്മയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ഗുജറാത്തിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
















Comments