ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ അപകടവാർത്ത ഏറെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലെ റൂർക്കിയിലുള്ള വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തലനാരിഴയ്ക്കാണ് വലിയ കാറപകടത്തിൽ നിന്ന് ഋഷഭ് പന്ത് രക്ഷപ്പെട്ടത്. ഡ്രൈവിങ്ങിനിടയിൽ ഉറങ്ങിപ്പോയതായിരുന്നു അപകട കാരണം. ഇതിനിടെയാണ് പന്തിന്റെ പഴയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ക്രിക്കറ്റ് താരം ശിഖർ ധവാനും ഋഷഭ് പന്തും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിലുള്ളത്. എന്തെങ്കിലും ഉപദേശം നൽകാനുണ്ടോയെന്ന് ഋഷഭ് പന്ത് ചോദിക്കുമ്പോൾ ശിഖർ ധവാൻ പറയുന്ന മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ഗാഡി അരം സേ ചലായ കർ എന്നായിരുന്നു ധവാന്റെ മറുപടി. ശ്രദ്ധിച്ച് വാഹനമോടിക്കണമെന്നാണ് ഇതിനർത്ഥം. 2019ലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അന്ന് ധവാൻ നൽകിയ ഉപദേശം ശരിയായിരുന്നുവെന്ന് വീഡിയോയ്ക്ക് താഴെ കമന്റുകൾ ഉയരുകയാണ്.
Shikhar Dhawan gave Rishabh Pant right advice about driving. pic.twitter.com/XxFRE5K74j
— Ami ✨ (@kohlifanAmi) December 30, 2022
കാറപകടത്തിന്റെ പശ്ചാത്തലത്തിൽ ഈ ഹ്രസ്വ വീഡിയോ നിരവധി പേരാണ് പങ്കുവക്കുന്നത്. ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് വീഡിയോ.
25-കാരനായ ഋഷഭ് പന്ത് വെള്ളിയാഴ്ച പുലർച്ചെയാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിക്കുന്നു. നെറ്റിയിലും കണങ്കാലിനുമാണ് സാരമായ പരിക്കേറ്റിരിക്കുന്നത്. എത്രയും വേഗം പന്തിന് സുഖം പ്രാപിക്കട്ടെയെന്ന് ക്രിക്കറ്റ് ലോകം പ്രാർത്ഥിക്കുകയാണ്.
















Comments