തിരുവനന്തപുരം: ആരോഗ്യരംഗത്ത് വീണ്ടും നിർണായക നേട്ടവുമായി കിംസ്ഹെൽത്ത്. ഗർഭപാത്രത്തിലെ ഭാരമേറിയ ട്യൂമർ നീക്കം ചെയ്തു. കൊല്ലം സ്വദേശിനിയായ യുവതിയുടെ ഗർഭപാത്രത്തിൽ നിന്നും 6.5 കിലോ ഭാരമേറിയ ട്യൂമറാണ് നീക്കം ചെയ്തത്.
ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് നിയന്ത്രണമില്ലാതെ വളരുന്ന കോശമാണ് ട്യൂമർ. കഴിഞ്ഞ ഒരു വർഷത്തോളം ട്യൂമറുമായി ജീവിച്ച യുവതി അടിവയറ്റിലെ കഠിനമായ വീക്കവും അസഹ്യമായ വേദനയെയും തുടർന്നാണ് കിംസ്ഹെൽത്തിൽ എത്തിയത്.
ഒ പിയിലെ പരിശോധനയിലാണ് ഗർഭപാത്രത്തിൽ നിന്നും വളരുന്ന മുഴയാണ് അസഹ്യമായ വേദനയ്ക്ക് കാരണമെന്ന് മനസ്സിലായത്. തുടർന്ന് എം ആർ ഐ സ്കാൻ മുതലായ വിദഗ്ദ്ധ പരിശോധനകൾ നടത്തുകയും, ഗർഭപാത്രം നീക്കം ചെയ്യണമെന്ന നിഗമനത്തിൽ എത്തുകയുമായിരുന്നു. ഏകദേശം ഒമ്പത് മാസത്തോളം പ്രായമായ ഗർഭപാത്രത്തിന്റെ വളർച്ചയുള്ള ട്യൂമർ മൂന്ന് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്.
വളരെ അപൂർവമായി മാത്രമാണ് ഗർഭപാത്രത്തിൽ ഇത്രയും വലിപ്പമുള്ള ട്യൂമർ രൂപപ്പെടുക. ഇത്തരം മുഴകൾ വൃക്ക, വൻകുടൽ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാൻ സാദ്ധ്യതയുണ്ട്. അതുപോലെ തന്നെ മറ്റ് അവയങ്ങളെ ബാധിക്കാതെ ഇത്രയും വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്യുക വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സജിത്ത് മോഹൻ ആർ പറഞ്ഞു.
ഒരു വർഷം മുൻപ് തന്നെ വയറുവേദനയും വീക്കവും അനുഭവപ്പെട്ടിരുന്നെങ്കിലും ആശുപത്രിയിൽ പോകാൻ ഉള്ള ഭയമാണ് രോഗാവസ്ഥ സങ്കീർണമാക്കിയത്. ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗവും സീനിയർ കൺസൾട്ടന്റ് ഡോ റഫീഖ. പി, കൺസൽട്ടൻറ് ഡോ. സജിത്ത് മോഹൻ ആർ, അനസ്തേഷ്യ വിഭാഗം കൺസൽട്ടൻറ് ഡോ വല്ലി അടങ്ങുന്ന മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. സങ്കീർണതകൾ നിറഞ്ഞ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യവതിയായി യുവതി ആശുപത്രി വിട്ടു. ഇത്രയും നാൾ അനുഭവിച്ച ബുദ്ധിമുട്ടിന് അറുതി കിട്ടിയ സന്തോഷത്തിലാണ് രോഗിയും ബന്ധുക്കളും.
Comments