ശ്രീനഗർ: ജമ്മുകശ്മീരിൽ ഈ വർഷം 172 ഭീകരരെ വകവരുത്തിയതായി പോലീസ്. 29 പ്രദേശവാസികളെ ഭീകരർ കൊലപ്പെടുത്തിയിരുന്നുവെന്നും കശ്മീർ പോലീസ് അറിയിച്ചു. ആറ് ഹിന്ദുക്കളും 15 മുസ്ലീമുകളും കൊല്ലപ്പെട്ട സാധാരണക്കാരിൽ ഉൾപ്പെടുന്നു. ഇവയിൽ 21 പേർ കശ്മീർ നിവാസികളാണ്.
ഭീകരരുമായി ഈ വർഷം 93 പ്രാവശ്യമാണ് ഏറ്റുമുട്ടിയത്. വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ട 172 പേരിൽ 42 പേർ വിദേശ ഭീകരരാണ്. 108 പേർ ലഷ്‌കർ ഭീകരരും 35 പേർ ജയ്‌ഷെ ഭീകരരുമായിരുന്നു. 22 ഹിസ്ബുൾ മുജാഹിദീൻ ഭീകരർ, നാല് അൽ-ബാദർ ഭീകരർ എന്നിവരെയും വകവരുത്തി. 17 ഭീകരരെ അറസ്റ്റ് ചെയ്യാനായെന്നും കശ്മീർ പോലീസ് അറിയിച്ചു.
ഭീകരസംഘടനയിലേക്ക് പുതുതായി ചേർന്ന് പ്രവർത്തിച്ച 58 പേരെയും കൊലപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇവർ ഭീകരസംഘടനയിലേക്ക് പ്രവേശിച്ച് ഒരു മാസം പിന്നിടുമ്പോഴേക്കും വധിക്കപ്പെട്ടു. ഈ വർഷം നടത്തിയ പരിശോധനയിലും ഏറ്റുമുട്ടലുകളിലുമായി 360 മാരക ആയുധങ്ങൾ പിടിച്ചെടുക്കാൻ കഴിഞ്ഞു. 121 എകെ റൈഫിളുകൾ, 231 പിസ്റ്റലുകൾ, ഐഇഡികൾ, സ്റ്റിക്കി ബോംബുകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
















Comments