മലപ്പുറം: ഓൺലൈൻ ചൂതാട്ടത്തിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വളാഞ്ചേരി എടയൂര്‍ പട്ടമ്മര്‍തൊടി മുഹമ്മദ് റാഷിദിനെ (22) ആണ് മങ്കട പോലീസ് അറസ്റ്റുചെയ്തത്. മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഇവരുടെ പരാതി.
യൂട്യൂബ് വീഡിയോ ലിങ്ക് വഴി പരസ്യം നൽകി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. യുവതിയിൽ നിന്ന് ഓരു ലക്ഷം രൂപ വാങ്ങി എട്ട് മണിക്കൂറിനുള്ളിൽ മുടക്കിയ മുതൽ ഉൾപ്പെടെ രണ്ട് ലക്ഷത്തി നാൽപ്പതിനായിരം രൂപ മടക്കി നൽകുമെന്നാണ് വാഗ്ദാനം ചെയ്തത്. നവംബർ 30 മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. ഡിസംബർ 3 വരെ ഇത്തരത്തിൽ അഞ്ച് ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തുവെന്നാണ് പരാതി. പറഞ്ഞ പണം ലഭിക്കാത്തതിനെ തുടർന്ന് യുവതി മങ്കട പോലീസിനെ സമീപിക്കുകയായിരുന്നു.
ഇയാൾക്കെതിരെ മറ്റ് പരാതികൾ നേരത്തെ ഉയർന്നിട്ടുണ്ട്. ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുത്താണ് ഇയാൾക്ക് യുവതിയിൽ നിന്ന് തട്ടിയെടുത്ത പണം നഷ്ടമായത് എന്നാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
















Comments