ശ്രീനഗർ: രജൗറിയിലെ ധാംഗ്രി ഗ്രാമത്തിൽ വീണ്ടും ഭീകരാക്രമണം. കഴിഞ്ഞ ദിവസം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾക്ക് സമീപത്താണ് ഇന്ന് ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആൾക്കൂട്ടത്തിന് നേർക്ക് ഭീകരർ സ്ഫോടകവസ്തു എറിയുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. പ്രദേശവാസികളോടും മാദ്ധ്യമ പ്രവർത്തകരോടും ജാഗ്രത പാലിക്കാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെയായിരുന്നു രജൗറിയിൽ ആദ്യ ആക്രമണം നടന്നത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. വീടുകളിലേക്ക് കടന്നു കയറിയ ഭീകരർ നിരായുധരായ ജനങ്ങൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്.
പത്ത് പേർക്കാണ് വെടിയേറ്റത്. അതിൽ മൂന്ന് പേരും ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നു. ഒരാൾ ചികിത്സയ്‌ക്കിടെയും മരണത്തിന് കീഴടങ്ങി. സതീഷ് കുമാർ (45), ദീപക് കുമാർ (23), പ്രീതം ലാൽ (57), ശിശുപാൽ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരർക്കായി സൈന്യം ശക്തമായ തിരച്ചിൽ ആരംഭിച്ചു. ജമ്മു കശ്മീർ പോലീസും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
Comments