ന്യൂഡൽഹി: ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊറോണ വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും, ഇന്ത്യയിൽ സ്ഥിതിഗതികൾ ഇപ്പോഴും നിയന്ത്രണ വിധേയമാണെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 173 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തെ ആകെ സജീവ കൊറോണ കേസുകൾ 2,670 ആണെന്നും കേന്ദ്രം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 207 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരിൽ 4,41,45,445 പേരും രോഗമുക്തരായി. 98.8 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഞായറാഴ്ച രാജ്യത്ത് 265 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,675 പേർ വാക്സിൻ സ്വീകരിച്ചു. രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിരിക്കുന്നത് 220.1 കോടി ഡോസ് കൊവിഡ് വാക്സിനുകളാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
Comments