മാളികപ്പുറം എന്ന സിനിമയേയും നടൻ ഉണ്ണി മുകുന്ദനെയും പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. അചഞ്ചലമായ അർപ്പണബോധമുള്ള നടനാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറത്തിന്റെ വിജയം ഉണ്ണി മുകുന്ദന്റെ മാത്രമല്ല, സിനിമ സ്വപ്നം കാണുന്ന എല്ലാ യുവാക്കളുടെയും വിജയമാണ് എന്നും അനൂപ് മോനോൻ പറഞ്ഞു. സിനിമ കണ്ടതിന് ശേഷം ഫേയ്സ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദനെ താരം അഭിനന്ദിച്ചിരിക്കുന്നത്.
‘പ്രിയ ഉണ്ണി, നിന്റെ തുടക്ക കാലങ്ങളിൽ നമ്മൾ ഒരുമിച്ച് രണ്ട് സിനിമകൾ ചെയ്തിട്ടുണ്ട്. സിനിമയോടുള്ള നിന്റെ അചഞ്ചലമായ അർപ്പണബോധം അടുത്തിടപഴുകുമ്പോൾ ഞാൻ കണ്ടിരുന്നു. ഒടുവിൽ “മാളികപ്പുറം” എന്ന മനോഹരമായ ചിത്രത്തിലൂടെ അത് സംഭവിച്ചു. ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറുകയാണ്. ഈ വിജയം സൂപ്പർതാര പദവിയിലേക്കുള്ള ഒരു പടി മാത്രമല്ല. സിനിമയെ കൊതിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന യാതൊരുവിധ സിനിമാ പശ്ചാത്തലവുമില്ലാത്ത ഓരോ പുതുമുഖങ്ങൾക്കും പ്രചോദനാത്മകമായ ഒരു കഥയാണ് നിന്റേത്’ എന്നാണ് അനൂപ് മേനോൻ ഫേയ്സ്ബുക്കിൽ കുറിച്ചത്.
2022 ഡിസംബർ 30-നാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂപ്പർസ്റ്റാർ പദവിയിലേയ്‌ക്കുള്ള ഉണ്ണി മുകുന്ദന്റെ ചുവട് വയ്പ്പാണ് മാളികപ്പുറമെന്ന് ആരാധകരും സിനിമാ പ്രേമികളും വിശേഷിപ്പിക്കുന്നത്.
















Comments