തിരുവനന്തപുരം: ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കാൻ വീണ്ടും സമയം നീട്ടി പിണറായി സർക്കാർ. ഇന്നുമുതൽ പഞ്ചിംഗ് സംവിധാനം നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ ഒരു മാസത്തേക്കാണ് സമയപരിധി നീട്ടിയിരിക്കുന്നത്. കളക്ട്രേറ്റുകൾ, ഡയറക്ട്രേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നിർബന്ധമാക്കിയിരിക്കുന്നത്.
ഹാജർ ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പഞ്ചിംഗ് ഒരുക്കിയിരിക്കുന്നത്. സോഫ്റ്റ്‌വെയറുമായി ബന്ധപ്പിക്കുന്നതിൽ പ്രശ്‌നം നിലനിൽക്കുന്നതിനാലാണ് പഞ്ചിംഗ് നീട്ടി വെയ്‌ക്കുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. മാർച്ച് 31- നകം എല്ലാ സർക്കാർ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സജ്ജമാക്കാനാണ് പുതിയ നിർദേശം.
ഡിസംബർ 16-ന് ചീഫ് സെക്രട്ടറി വിപി ജോയ് പുറത്തിറക്കിയ ഉത്തരവിലാണ് ഇത് സംബന്ധിച്ചുള്ള നിർദേശങ്ങൾ നൽകിയത്. എന്നാൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നതിൽ ആവശ്യമായ പുരോഗതി കൈവരിച്ചതായി കാണുന്നില്ലെന്നും അതിനാൽ മാർഗ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനായി വകുപ്പുതല മേധാവികൾ കർശന നടപടി സ്വീകരിക്കണെമന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ വകുപ്പുകളുടെ ഉഴപ്പിൽ ഇത് പാളി.
പഞ്ചിംഗ് കണക്ടിവിറ്റി ഒരുക്കാനുള്ള ചുമതല കെൽട്രോണിനാണ്. ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനത്തിന് പിന്നാലെ ഡിസംബർ അവസാനമാണ് മിക്ക വകുപ്പുകളിൽ നിന്നും കെൽട്രോണിന് വർക്ക് ഓർഡർ ലഭിച്ചത്. ഒരുമിച്ച് കൂടുതൽ ഓർഡറുകൾ വന്നതോടെ പഞ്ചിംഗ് മെഷീനുകൾക്ക് ക്ഷാമമായി. സ്വകാര്യ കമ്പനിയിൽ നിന്ന് ആഴ്ചയിൽ 100 മെഷീനുകളാണ് കെൽട്രോണിന് ലഭിക്കുന്നത്. വർക്ക് ഓർഡറിനൊപ്പം അഡ്വാൻസ് തുക കൂടി നൽകിയാൽ മാത്രമാണ് കെൽട്രോൺ മെഷീന് ഓർഡർ നൽകൂ. നിലവിലെ സാഹചര്യത്തിൽ വർക്ക് ഓർഡർ നൽകി 30 മുതൽ 45 ദിവസം വരെയെടുക്കും പഞ്ചിംഗ് സംവിധാനം ഒരുക്കാനെന്നാണ് വിവരം. പഞ്ചിംഗ് നടപ്പാക്കുന്നതിന് മുന്നോടിയായി തയ്യാറാക്കേണ്ട ജീവനക്കാരുടെ ആധാർ അധിഷ്ഠിതമായ ഡേറ്റാബേസും പൂർത്തിയായിട്ടില്ല.
















Comments