മലയാളിയുടെ എക്കാലത്തെയും പ്രിയ ഭക്ഷണമാണ് പൊറോട്ട. ഓൺലൈൻ ഓർഡറിലും മുൻപന്തിയിൽ തന്നെയാണ് പൊറോട്ട. മലയാളി എന്ത് വിഭവത്തിലും പൊറോട്ടയോടുള്ള പ്രേമം കാത്ത് സൂക്ഷിക്കുന്നവരാണ്.
2022 ൽ കേരളത്തിൽ ഓൺലൈൻ വഴി ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് പൊറോട്ട എന്നാണ് കണക്കുകൾ പ്രകാരം പറയുന്നത്. പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയാണ് കണക്ക് പുറത്തുവിട്ടത്. 25 ലക്ഷത്തോളം പൊറോട്ടയാണ് മലയാളി ഓൺലൈനായി വാങ്ങിയത്. 4.27 ലക്ഷം ചിക്കൻ ബിരിയാണിയും 2.61 ലക്ഷം ഇടിയപ്പവും ഓൺലൈനിൽ വിറ്റു. മസാല ദോശയാണ് അഞ്ചാം സ്ഥാനത്ത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും കണക്കുകളാണ് പുറത്തുവിട്ടത്.
ഓൺലൈനിന് പുറമേ കടയിലിരുന്ന് കഴിക്കാനും പൊറോട്ടയ്‌ക്കാണ് ഡിമാൻഡ് കൂടുതലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. ദിവസവും 700 മുതൽ 800 വരെ പൊറോട്ടകളാണ് വിൽക്കുന്നതെന്നും ഉടമകൾ വ്യക്തമാക്കി. പൊറോട്ടയ്‌ക്കൊപ്പം ചിക്കൻ കറിയും ബീഫ് കറിക്കുമാണ് ആവശ്യക്കാരേറെയെന്നും കണക്കുകളിൽ പറയുന്നു. ലഘുഭക്ഷണ വിഭാഗത്തിൽ ചിക്കൻ ഫ്രൈ, അപ്പം എന്നിവയാണ് കൂടുതൽ ഓർഡർ ചെയ്തത്. ഐസ്‌ക്രീം, ഫലൂദ, കോക്കനട്ട് പുഡ്ഡിംഗ് എന്നീ ഡെഡേർട്ടുകൾക്കും ആവശ്യക്കാർ ഏറെയാണ്.
ഓൺലൈൻ ഓർഡറുകളിൽ ഊണും മീൻകറിയും പോലുള്ള വിഭവങ്ങൾക്കാണ് ആവശ്യക്കാർ കുറവെന്നാണ് ഹോട്ടലുകളിൽ നിന്നുള്ള വിവരം. മീൻ വിഭവങ്ങളെല്ലാം ഹോട്ടലുകളിൽ നേരിട്ടെത്തി കഴിക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. ഉച്ചഭക്ഷണ സമയത്താണ് ആവശ്യക്കാർ അധികവും.
വെജിറ്റേറിയൻ വിഭവങ്ങളിൽ മസാലദോശ, നെയ്‌റോസ്റ്റ്,അപ്പം, ഇടിയപ്പം, വെജ് ബിരിയാണി, വെജ് ഫ്രൈഡ് റൈസ് എന്നിവയ്‌ക്കാണ് ആവശ്യക്കാർ. ചില്ലി ഗോബി, ഗോബി മഞ്ചൂരിയൻ, പനീർ ബട്ടർമസാല, ചില്ലി ഗോബി ഡ്രൈ ഫ്രൈ എന്നിവയ്‌ക്കും പ്രിയം കൂടുതലാണ്.
















Comments