ബീയാർ പ്രസാദിനെ അനുസ്മരിക്കുകയാണ് ഗായകലോകം. മലയാളം കണ്ട ഏറ്റവും മികച്ച ഗാനരചയിതാക്കളിൽ ഒരാളായ ബീയാർ പ്രസാദിന്റെ നിര്യാണത്തിൽ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലി സമർപ്പിക്കുന്നത്. മലയാളികളുടെ ഇഷ്ട ഗാനങ്ങളുടെ പ്ലേ ലിസ്റ്റിൽ ബീയാർ പ്രസാദിന്റെ ഒരുപിടി പാട്ടുകളും ഉൾപ്പെട്ടിരിക്കുമെന്നതാണ് പ്രത്യേകത. ഇപ്പോഴിതാ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനും അദ്ദേഹത്തെ അനുസ്മരിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
പിന്നണി ഗായകനെന്ന നിലയിൽ വിനീത് ശ്രീനിവാസൻ ആദ്യമായി പാടിയ പാട്ട് രചിച്ചത് ബീയാർ പ്രസാദായിരുന്നു. കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാനമായിരുന്നു അത്. ആ പാട്ടിൽ പരാമർശിക്കുന്ന കൂന്താലിപ്പുഴ പിന്നീട് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. എവിടെയാണ് ആ കൂന്താലിപ്പുഴ എന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാൽ അത് ഗാനരചയിതാവായ അദ്ദേഹത്തിന്റെ സാങ്കൽപ്പിക സൃഷ്ടിയായിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. പ്രസാദേട്ടനെ സ്‌നേഹപൂർവം ഓർക്കുന്നുവെന്നും വിനീത് ഫേസ്ബുക്കിൽ കുറിച്ചു.
വിനീത് ശ്രീനിവാസൻ ആദ്യമായി പാടിയ പാട്ടിന്റെ വരികൾ ഇതാണ്..
കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്
പൊന്നിന്റെ കൊലുസ്സുമിട്ടൊരു മൊഞ്ചത്തി
കൂന്താലി പുഴയൊരു വമ്പത്തി
കൂന്താലി പുഴയൊരു വമ്പത്തി
ഇവളുടെ മുന്നുംപിന്നും കണ്ടു കൊതിച്ചവൾ
മിന്നും മെഹറും കൊണ്ടു നടന്നവർ
കൂനി കൂടി താടി വളർത്തി
കയറൂരി പാഞ്ഞു പണ്ടീ പഹയത്തി
കൂന്താലി പുഴയൊരു വമ്പത്തി
കൂന്താലി പുഴയൊരു വമ്പത്തി
വിനീതിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ബീയാർ പ്രസാദ്. പിന്നണി ഗായകനായി ഞാൻ ആദ്യം പാടിയ ‘കസവിന്റെ തട്ടമിട്ട്’ എന്ന പാട്ട് പ്രസാദേട്ടൻ എഴുതിയതാണ്. ഗാനരചയിതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു കിളിച്ചുണ്ടൻ മാമ്പഴം. ‘കൂന്താലിപ്പുഴ’ എന്നത് അദ്ദേഹത്തിന്റെ സാങ്കല്പികസൃഷ്ടിയാണ്. പ്രസാദേട്ടനെ സ്‌നേഹപൂർവ്വം, ആദരപൂർവ്വം ഓർക്കുന്നു. കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.
Comments