ന്യൂഡൽഹി: വിമാനത്തിൽ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ യാത്രക്കാരനെ തിരിച്ചറിഞ്ഞു. മുംബൈ സ്വദേശിയും വ്യവസായിയുമായ ശേഖർ മിശ്ര (50) ആണ് യാത്രക്കാരിയ്‌ക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് വിവരം.
ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തി തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കർണാടക സ്വദേശിനിയായ 70-കാരിയ്‌ക്കാണ് എയർഇന്ത്യ വിമാനത്തിൽ ദുരനുഭവം ഉണ്ടായത്. ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന വിമാനത്തിലെ ബിസിനസ് ക്ലാസിൽ വച്ചായിരുന്നു സംഭവം. ഇതിന് പിന്നാലെ യാത്രക്കാരി എയർഇന്ത്യയ്‌ക്ക് പരാതി നൽകിയിരുന്നെങ്കിലും ഒരു മാസത്തിന് ശേഷമാണ് വിവരം ഡൽഹി പോലീസിനെ അറിയിച്ചത്.
ന്യൂയോർക്കിൽ നിന്ന് വിമാനം പുറപ്പെടുമ്പോൾ യാത്രക്കാരൻ മദ്യപിച്ച് അബോധവസ്ഥയിലായിരുന്നു എന്നാണ് യാത്രക്കാരി പറയുന്നത്. വസ്ത്രങ്ങളും ബാഗും ഷൂസും മറ്റും മൂത്രത്തിൽ നനഞ്ഞിരുന്നു. ഇക്കാര്യം പരാതിപ്പെട്ടിട്ടും വിമാന ജീവനക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് യാത്രക്കാരി ആരോപിച്ചു.
ഡൽഹിയിൽ വിമാനമിറങ്ങിയ വ്യവസായി യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തിന് പുറത്തേക്ക് കടക്കുകയായിരുന്നുവെന്ന് യാത്രക്കാരി പറഞ്ഞു. തുടർന്ന് യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് പരാതി നൽകി. ഇതേ തുടർന്നാണ് എയർഇന്ത്യ നടപടി ആരംഭിച്ചത്.
















Comments