സിനിമാ പ്രേമികളുടെ ഹൃദയം കവർന്ന് തീയേറ്ററുകൾ കീഴടക്കുകയാണ് മാളികപ്പുറം. ഏറെ കാലത്തിന് ശേഷം കുടുംബ പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് മടക്കിയെത്തിക്കാനും ഉണ്ണി മുകുന്ദൻ ചിത്രത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ. പ്രമുഖരും രാഷ്‌ട്രീയക്കാരും ഉൾപ്പെടെ നിരവധി പേരാണ് സിനിമ നൽകിയ ദൃശ്യാനുഭവത്തെ പ്രകീർത്തിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ നടനും അവതാരകനുമായ മിഥുൻ രമേഷും മാളികപ്പുറം സിനിമ നൽകിയ അനുഭവം പങ്കുവച്ചിരിക്കുകയാണ്.
രോമാഞ്ചമുണ്ടാക്കുന്ന നിരവധി നിമിഷങ്ങളടങ്ങിയ, മികച്ച രീതിയിൽ സൃഷ്ടിച്ചെടുത്ത, മനോഹരമായ എന്റർടെയ്‌നറാണ് മാളികപ്പുറമെന്ന് മിഥുൻ രമേഷ് പ്രതികരിച്ചു. സംവിധാനം, തിരക്കഥ, പാട്ടുകൾ, സിനിമാറ്റോഗ്രാഫി എന്നിവ നിർവഹിച്ചവർ കൃത്യമായി അവരുടെ കടമ ചെയ്തിട്ടുണ്ട്. കല്ലു മാളികപ്പുറവും പീയൂഷ് സ്വാമിയും കാഴ്ചവച്ച പ്രകടനം കൈയ്യടി അർഹിക്കുന്നതാണ്. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവരുടെ പോയിന്റ് ഓഫ് വ്യൂവിൽ നിന്ന് കണ്ടുതുടങ്ങുമെന്ന് മിഥുൻ പറയുന്നു. കൂടാതെ സൈജു കുറിപ്പും രമേഷ് പിഷാരടിയും കാഴ്ചവെച്ച പ്രകടനത്തെയും മിഥുൻ പ്രശംസിച്ചു.
മൂന്ന് തവണ മാത്രമേ മാലയിട്ട് മലയ്‌ക്ക് പോയിട്ടുള്ളൂ. പടം കണ്ടപ്പോൾ തൊട്ട് ഈ വർഷം വ്രതം എടുത്ത് പോകണം എന്ന് ഒരു ആഗ്രഹം. അയ്യപ്പൻ വിളിച്ചാൽ പോകും..
പിന്നെ കുട്ടികാലം മുതൽ മാലയിടലും കെട്ടുനിറയും കണ്ടു വളർന്ന തനിക്കുണ്ടായ എക്‌സൈറ്റ്‌മെന്റ് സിനിമ കാണുന്ന ഓരോരുത്തർക്കും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബമായി, കുട്ടികളുമായി പോയി കാണാവുന്ന ഒരു ഉഗ്രൻ സിനിമയാണ് മാളികപ്പുറമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഡിസംബർ 30ന് കേരളത്തിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോൾ കേരളത്തിന് പുറത്തുള്ള തീയേറ്ററുകളിലും മാളികപ്പുറം പ്രദർശനമാരംഭിച്ചിട്ടുണ്ട്.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂപ്പർസ്റ്റാർ പദവിയിലേയ്‌ക്കുള്ള ഉണ്ണി മുകുന്ദന്റെ ചുവട് വയ്പ്പാണ് മാളികപ്പുറമെന്ന് ആരാധകരും സിനിമാ പ്രേമികളും വിശേഷിപ്പിക്കുന്നു.
















Comments