ന്യൂഡൽഹി: എയർഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ഒളിവിൽ. ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈ വ്യാപാരി ശങ്കർ മിശ്രയ്‌ക്കായാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാൾ രാജ്യം വിടുന്നത് തടയാനായാണ് ഇത്തരം നടപടി സ്വീകരിച്ചതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.
യുഎസിലെ കാലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമ്പത്തിക സേവനങ്ങൾ നൽകുന്ന ബഹുരാഷ്‌ട്ര കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റാണ് ശങ്കർ മിശ്ര. ഇയാളെ തിരിച്ചറിഞ്ഞെന്നും നിലവിൽ ഒളിവിലാണെന്നുമാണ് പോലീസ് അറിയിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് വിമാനത്തിലെ ജീവനക്കാരേയും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിരുന്നു. നിലവിൽ നാല് ജീവനക്കാരെ ചോദ്യം ചെയ്തിട്ടുണ്ട്. മറ്റുള്ളവരെയും ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
അറസ്റ്റ് ഒഴിവാക്കുന്നതിനായി ഇയാൾ നിരന്തരം ഒളിവിൽ കഴിയുന്ന സ്ഥലങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പോലീസ് നിഗമനം. ഇയാൾക്കായി മുംബൈയിലും ബംഗളൂരുവിലും ഡൽഹി പോലീസ് തിരച്ചിൽ നടത്തി. രണ്ടിടങ്ങളിലും ഇയാൾക്ക് ഓഫീസുണ്ടെന്നും ഇവിടങ്ങൾ സന്ദർശിക്കാറുണ്ടെന്നുമാണ് പോലീസിന് കിട്ടിയ വിവരം. സംഭവത്തിൽ എയർഇന്ത്യയ്‌ക്കും പൈലറ്റുമാർക്കും മറ്റ് ജീവനക്കാർക്കും ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ചയാണ് മറുപടി നൽകാൻ സമയം നൽകിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് പ്രതിയ്‌ക്ക് 30 ദിവസത്തെ യാത്രവിലക്കേർപ്പെടുത്തിയിരുന്നു.
















Comments