മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പക്ഷികൾക്ക് മാത്രമുള്ള പ്രത്യേകതയാണ് പറക്കാനുള്ള കഴിവ്. ഈ കഴിവുപയോഗിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയാണ് ഒരു ദേശാടനക്കിളി. അലാസ്‌കയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് പറന്നാണ് കക്ഷി ലോകം മുഴുവൻ ചർച്ചയായി മാറിയത്. ഒന്നും രണ്ടുമല്ല, 13,575 കിലോ മീറ്റർ ദൂരം നോൺസ്‌റ്റോപ്പായി പറന്നുവെന്നതാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടാൻ കാരണം.
ബാർ-ടെയ്‌ല്ഡ് ഗോഡ് വിറ്റ് എന്ന ദേശാടനക്കിളി 11 ദിവസം തുടർച്ചയായി പറന്നാണ് റെക്കോർഡ് സൃഷ്ടിച്ചത്. അലാസ്‌കയിൽ നിന്ന് പുറപ്പെട്ട് 11 ദിനം കഴിഞ്ഞപ്പോൾ, ഒക്ടോബർ 24ന് ഓസ്‌ട്രേലിയൻ ദ്വീപായ ടാസ്മാനിയയിൽ എത്തുകയായിരുന്നു. തുടർച്ചയായി രാവും പകലും പറന്നുവന്നതിനാൽ പക്ഷിയുടെ ഭാരം പകുതിയോളം കുറഞ്ഞുവെന്ന് ഗിന്നസ് അധികൃതർ പറയുന്നു. ശരീരത്തിൽ സാറ്റലേറ്റ് ടാഗ് ഉണ്ടായിരുന്നതിനാലാണ് ഇത്രദൂരം സഞ്ചരിച്ച കാര്യം ലോകമറിയാനിടയായത്.
ഇതേ സ്പീഷിസിൽ ഉൾപ്പെട്ട മറ്റൊരു ദേശാടനക്കിളിക്കായിരുന്നു ഈ വിഭാഗത്തിൽ നേരത്തെ ഗിന്നസ് റെക്കോർഡുണ്ടായിരുന്നത്. തുടർച്ചയായി 349 കിലോ മീറ്ററായിരുന്നു മുൻ റെക്കോർഡ് നേടിയ ദേശാടനപക്ഷി പറന്നത്. ഇപ്പോൾ വിശ്രമമില്ലാതെ 13,575 കിലോമീറ്റർ ദൂരം താണ്ടി വന്ന പുതിയ ഗോഡ്‌വിറ്റാണ് സമൂഹമാദ്ധ്യമങ്ങളിലെ താരം.
Comments