ആലപ്പുഴ: കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് ഇനി ജ്വലിക്കുന്ന ഓർമ്മ. ഔദ്യോഗിക ബഹുമതികളോടെ മങ്കൊമ്പിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകൾ.
വ്യാഴാഴ്ച വൈകീട്ടോടെ ബീയാർ പ്രസാദിന്റെ മൃതദേഹം മങ്കൊമ്പിലെ വീട്ടിൽ എത്തിച്ചപ്പോൾ മുതൽ രാഷ്‌ട്രീയ സാംസ്‌കാരിക സിനിമാ മേഖലയിലെ അനവധി ആളുകൾ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. കുട്ടനാടിന്റെ സ്വന്തം കലാകാരനെ അവസാനമായി ഒരു നോക്ക് കാണാൻ ഇന്നും നാട്ടുകാർ തടിച്ചുകൂടി.
തലമുറകളുടെ വ്യത്യാസമില്ലതെ പ്രായമായവരും യുവാക്കളുമെല്ലാം കണ്ണീർ പ്രണാമങ്ങളോടെ ബീയാറിന് വിട പറഞ്ഞു. കുട്ടനാടിന്റെ മനോഹാരിതയെ വരികളാക്കിയ പ്രിയപ്പെട്ട ബീയാറിന് കേരനിരകളാടും എന്ന ഗാനമാലപിച്ച് നാട്ടുകാർ യാത്ര നൽകും. നാടിനെ അത്രയേറെ സ്‌നേഹിച്ച ബീയാർ പ്രസാദും കുട്ടനാടിന്റെ ഓർമ്മകൾക്കൊപ്പം ഇനിയുണ്ടാകും.
ബുധനാഴ്ച വൈകിട്ടായിരുന്നു അനുഗ്രഹീത കലാകാരനായ ബീയാർ പ്രസാദിന്റെ അന്ത്യം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ അപ്രതീക്ഷിതമായാണ് അദ്ദേഹം വിടപറഞ്ഞത്. മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ട ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച കലാപ്രതിഭയുടെ വേർപാടിൽ കലാകേരളം അനുശോചനം രേഖപ്പെടുത്തി.
















Comments