തിരുവനന്തപുരം: ഒരേ സമയം അഞ്ച് അവയവങ്ങൾ മാറ്റി വെച്ച് ചരിത്ര വിജയം കൈവരിച്ച് തിരുവനന്തപുരം കിംസ്. വൃക്കരോഗ വിദഗ്ധനായ ഡോക്ടർ പ്രവീൺ മുരളീധരന്റെ നേത്യത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ശസ്ത്രക്രിയ വിജയകരമായത്.
ഒരാളുടെ മാത്രം പ്രയത്‌നമല്ല ഒരു കൂട്ടായ്മയാണ് ഇതിനു പിന്നിലുളളതെന്ന് അദ്ദേഹം പറഞ്ഞു. കരൾ ആണ് മാറ്റിവയ്‌ക്കപ്പെട്ട അവയവങ്ങളിൽ ഒന്ന്. ഇതിനു പുറമേ വൃക്കയുടെയും പാൻക്രിയാസിന്റെയും മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയും നടന്നു.
സർക്കാരിന്റെ അനുമതിയോടുകൂടിയാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയയുമായി മുന്നോട്ട് പോയതെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സഹകരണത്തോടുകൂടിയാണ് ശസ്ത്രക്രിയ വിജയകരമായതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വിവിധ സർക്കാർ ഏജൻസികളുടെയും സഹായസഹകരണം വലിയ തോതിൽ ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നീണ്ട 48 മണിക്കൂർ പ്രയത്‌നങ്ങൾക്കൊടുവിലാണ് ശസ്ത്രക്രിയ പൂർണ്ണമാവുന്നത്.
ജനിതക വൈകല്യം മൂലം കരളും വൃക്കയും തകരാറിലായ പെൺകുട്ടിയുടെ കരളും വൃക്കകളും മാറ്റിവയ്‌ക്കേണ്ടത് അനിവാര്യമായിരുന്നു. ഇതേ തുടർന്നാണ് ശസ്ത്രക്രിയയ്‌ക്ക് തീരുമാനമെടുക്കുന്നത്. 24-കാരനായ യുവാവാണ് പെൺകുട്ടിക്ക് കരൾ പകുത്ത് നൽകിയത്. ശസ്ത്രക്രിയയിൽ അവയവങ്ങൾ മാറ്റി വയ്‌ക്കുന്നതിന് മാത്രം 18 മുതൽ 24 മണിക്കൂറുകൾ എടുത്തുവെന്ന് ഡോക്ടർമാർ പറഞ്ഞു.
വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ ഒന്നര പതിറ്റാണ്ടിലേറെയായി കിംസ് ആശുപത്രിയിൽ ചെയ്തു വരുന്നുണ്ട്. എന്നാൽ, പാൻക്രിയാസ് മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ ആദ്യമായാണ് ഇവിടെ ചെയ്യുന്നത്.
Comments