തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെ അയോഗ്യ ആക്കണമെന്നാവശ്യപ്പെട്ട് ലോകായുക്തയില്‍ പരാതി. അര്‍ദ്ധ ജുഡീഷ്യല്‍ പദവിയിലുള്ള ചിന്താ ജെറോം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതിക്കാരന്‍. മുൻകാല പ്രാബല്യത്തോടെ ചിന്താ ജെറോമിന് ശമ്പള കുടിശ്ശിക അനുവദിക്കാനുള്ള ധന വകുപ്പിന്റെ തീരുമാനം വലിയ വിവാദമായതിന് പിറകെയാണ് ലോകായുക്തയിൽ പരാതിയും വന്നിരിക്കുന്നത്. കേസ് തിങ്കളാഴ്ച പരിഗണിക്കും.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പിന്റെ തീരുമാനമാണ് കഴിഞ്ഞ ദിവസം വിവാദമായത്. നീക്കം വിവാദമായതോടെ ഉത്തരവ് നൽകാലം പുറത്തിറക്കാതെ പിടിച്ചു വച്ചിരിക്കുകയാണ് സർക്കാർ. ശമ്പളത്തിലെ അപാകത തീർക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു ചിന്തയുടെ ന്യായീകരണം.
എന്നാൽ, ചിന്താ ജെറോമിന്‍റെ അപേക്ഷയിലാണ് ധനം വകുപ്പിന്റെ നടപടികളെന്ന് വ്യക്തമാണ്. 2016 ഒക്ടോബർ നാലിനാണ് കമ്മീഷൻ അദ്ധ്യക്ഷയായി ചിന്ത ജേറോം ചുമതലയേൽക്കുന്നത്. 2017 ജനുവരി 6-ന് ശമ്പളമായി അമ്പതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറങ്ങി. 2018-ൽ കമ്മീഷൻ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തി. പിന്നാലെ, നിയമനം മുതൽ ശമ്പളം ഉയർത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് ധനം വകുപ്പിനും യുവജനക്ഷേമ വകുപ്പിനും ചിന്ത അപേക്ഷ നൽകുകയായിരുന്നു.
















Comments