തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം സംബന്ധിച്ച് പരിശോധന നടത്തണമെന്നും പിന്നണി പ്രവര്‍ത്തകരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വാഗതഗാനം കേട്ടവർക്കും അതിന്റെ ദൃശ്യാവിഷ്കാരം കണ്ടവർക്കും അതിൽ ഒരു വർഗീയതും തോന്നിയിട്ടില്ല. വർഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് റിയാസിന്റെ നീക്കമെന്നും സുരേന്ദ്രൻ തുറന്നടിച്ചു.
‘സ്കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനം കേട്ടവർക്കാർക്കും അതിൽ വർഗീയത തോന്നിയില്ല. സ്കൂൾ കലോത്സവം നടത്തിയത് വിദ്യാഭ്യാസ വകുപ്പും ചുക്കാൻ പിടിച്ചത് മുഹമ്മദ് റിയാസുമാണ്. ഇത്തരം വിവാദങ്ങളിലൂടെ വർഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താം എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. റിയാസിന്റെ ലക്ഷ്യം പകൽപോലെ വ്യക്തമാണ്. അത് മാർസ്റ്റിസ്റ്റ് പാർട്ടിക്ക് അകത്തുള്ളവർക്കും നന്നായി മനസ്സിലായിട്ടുണ്ടാകും. സ്വാഗത ഗാനത്തിന്റെ പേരിൽ മുഹമ്മദ് റിയാസ് ഉണ്ടാക്കുന്നത് വർഗീയ ധ്രുവീകരണമാണ്’.
‘കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ സ്വപ്നം കണ്ട് നടക്കുന്നവർ കലോത്സവത്തിന്റെ സ്വാഗതഗാനവുമായി ബന്ധപ്പെട്ടുള്ള വിവാദം ഒരു അവസരമായി ഉപയോഗിക്കുകയാണ്. പ്രധാനപ്പെട്ട പദവിയിലിരിക്കുന്നവർ ഇത്തരം അവസരങ്ങളെ വർഗീയ ധ്രുവീകരണത്തിനായി ഉപയോഗിക്കുന്നത് ശരിയല്ല. കേരളത്തെ സംബന്ധിച്ച് അത് ഒട്ടും നല്ലതല്ല. ജനങ്ങൾക്കിടയിൽ പരസ്പര വിശ്വാസവും സ്നേഹവും തകർക്കാനാണ് ഭക്ഷണത്തിലും സ്വാഗതഗാനത്തിലും വിവാദം സൃഷ്ടിക്കുന്നത്. കലോത്സവം നടത്തിയതും സംഘാടക സമിതിയിലുള്ളതും റിയാസിന്റെ പാർട്ടിക്കാർ തന്നെയാണ്. ഒരു മുസ്ലിം മുഖ്യമന്ത്രി വരണമെന്ന ആഗ്രഹത്തിലാണ് ഇടത് മുന്നണിയുടെ പ്രവർത്തനം. ലീഗിനും റിസാസിനും ഒരേ അഭിപ്രായവുമാണ്’ എന്നും സുരേന്ദ്രൻ പറഞ്ഞു.
















Comments