ഇന്ത്യയ്‌ക്ക് ഇത് അഭിമാന നിമിഷം. എ.ആർ റഹ്‌മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആർആർആർ. എസ്.എസ്.രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ആർആറിലെ ‘നാട്ടു നാട്ടു ‘ ഗാനത്തെ തേടിയാണ് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരമെത്തിയത്. എം.എം കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചത് കാലഭൈരവ, രാഹുൽ സിപ്ലിഗഞ്ച് എന്നിവർ ചേർന്നാണ്.
രാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവർ തകർത്ത് അഭിനയിച്ച ഗാനം ടെയ്‌ലർ സ്വിഫ്റ്റ്, ഗില്ലെർമോ മെഡൽ ടോറോ, ലേഡി ഗാഗ എന്നീ പ്രശസ്ത ഗായകരുടെ ഗാനങ്ങളെ പിന്തള്ളിയാണ് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയത്. 14 വർഷത്തിന് ശേഷമാണ് പുരസ്‌കരം ഇന്ത്യയിലേക്കെത്തുന്നത് നേരത്തെ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിന് എ.ആർ റഹ്‌മാൻ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയിരുന്നു.
ബാഹുബലി 2-ന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ‘ആർആർആർ’. ‘രൗദ്രം രണം രുധിരം’ എന്നാണ് ഇതിന്റെ പൂർണ രൂപം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം 550 കോടി മുതൽ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. 1,150 കോടിയാണ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. തിയറ്റർ റിലീസിന് പിന്നാലെ നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്‌ലിക്‌സിൽ തുടർച്ചയായ 14-ാം വാരവും ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നു ചിത്രം.
അജയ് ദേവ്ഗൺ, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്‌ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എൻറർടെയ്ൻമെൻറ്‌സിന്റെ ബാനറിൽ ഡി വി വി ദാനയ്യയാണ് നിർമ്മാണം.
Comments