തമിഴ്‌നാടിന് ഇത് ആഘോഷവേളയാണ്. നീണ്ട 9 വർഷങ്ങൾക്ക് ശേഷമാണ് അജിത്-ദളപതി ചിത്രങ്ങൾ ഒരേ ദിനത്തിൽ തിയറ്ററിലെത്തുന്നത്. രാജ്യത്തുടനീളമുള്ള ഇരുവരുടെയും ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അജിത്തിന്റെ തുനിവ് വിജയ്‌യുടെ വാരിസുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. എന്നാൽ അജിത് ആരാധകരിൽ ഇന്ന് സങ്കടമുണർത്തുന്ന ദിനമാണ്. ആരാധകരിൽ ഒരാൾ ലോറിയിൽ നിന്ന് വീണു മരിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
അജിത് ആരാധകൻ ഭരത് കുമാർ ആണ് അപകടത്തിൽ മരണത്തിന് കീഴടങ്ങിയത്. തുനിവ് റിലീസ് ആയതിന് പിന്നാലെ പുലർച്ചെ 1-ന് ആരംഭിക്കുന്ന ഷോ കാണുവാൻ ലോറിയിൽ കയറി പോന്നതായിരുന്നു അദ്ദേഹം. എന്നാൽ ആവേശത്തിൽ ലോറിക്ക് മുകളിൽ കയറി നൃത്തം ചെയ്യുകയും ലോറിയിൽ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപം പൂനമല്ലേ ഹൈവേയിലാണ് അപകടം നടന്നത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഭരതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, ചെന്നൈയിലെ സിനിമ തിയറ്ററിന് മുന്നിൽ ഏറ്റുമുട്ടി വിജയ്- അജിത്ത് ആരാധകർ. സിനിമ കാണുന്നതിനായി അതിരാവിലെ ഫാൻസ് ഷോയ്‌ക്ക് എത്തിയ ഇരുവരുടെയും ആരാധകർ തമ്മിലായിരുന്നു സംഘർഷം. പ്രശ്‌നം വഷളായതിനെ തുടർന്ന് ആരാധകർ ഫ്‌ളക്‌സുകളും ഹോർഡിംഗുകളും വലിച്ചു കീറുകയും വലിച്ചിളക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പോലീസ് ലാത്തി വീശിയാണ് ഇരുകൂട്ടരെയും സംഭവസ്ഥലത്തു നിന്നും മാറ്റിയത്.
എച്ച് വിനോദിന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങിയ മോഷണം പ്രമേയമാക്കിയ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് തുനിവ്. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. ചിത്രത്തിൽ അജിത് കുമാർ, മഞ്ജു വാര്യർ, ജോൺ കൊക്കേൻ, സമുദ്രക്കനി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തിൽ പ്രിയദർശിനി തിയേറ്ററിൽ 120 അടി ഉയരത്തിലുളള അജിത്തിന്റെ ഫ്‌ളക്‌സ് സ്ഥാപിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് നടന്റെ ഇത്രയും വലിയ ഫ്‌ളക്‌സ് സ്ഥാപിക്കുന്നത്.
ഒരു ഫാമിലി എന്റർടെയ്‌നർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വാരിസ്. ചിത്രത്തിൽ രശ്മിക മന്ദാനയാണ് വിജയ്‌യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തിന് ശേഷം കോടിക്കണക്കിന് ഡോളർ ബിസ്സിനസ്സ് സാമ്രാജ്യത്തിന് അധിപനാവുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദിൽ രാജുവും ഗിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Comments