കീവ്: യുക്രെയ്‌നിൽ നിന്നുള്ള ഒരു ഡോക്ടറാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രശംസ നേടുന്നത്. യുദ്ധത്തിനിടയിൽ ഒരു സൈനികന്റെ നെഞ്ചിൽ തറച്ച ഗ്രനേഡ് അതിസാഹസികമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരിക്കുകയാണ് അദ്ദേഹം. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഗ്രനേഡ് സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ഡോക്ടർ പുറത്തെടുത്തത്. യുക്രെയ്‌നിന്റെ മിലിട്ടറി ഡോക്ടറായ ആൻഡ്രിലി വെർബയാണ് അദ്ദേഹം.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ ഗ്രനേഡ് കൈയ്യിൽ പിടിച്ചുകൊണ്ട് ഡോക്ടർ നിൽക്കുന്ന ഫോട്ടോയും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഒപ്പം സൈനികന്റെ നെഞ്ചിൽ തറച്ചിരിക്കുന്ന ഗ്രനേഡിന്റെ എക്‌സ് റേ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന ഗ്രനേഡിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് സൈനികന്റെ ജീവൻ രക്ഷിച്ച ആൻഡ്രിലിയെ ലോകം പുകഴ്‌ത്തുകയാണ്.
ഗ്രനേഡ് ലോഞ്ചറിൽ നിന്നും തൊടുത്തുവിട്ട വിഒജി ഗ്രനേഡായിരുന്നു സൈനികന്റെ ശരീരത്തിലുണ്ടായിരുന്നത്. എപ്പോൾ വേണമെങ്കിലും സ്ഫോടനം സംഭവിക്കാമെന്നതിനാൽ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ സുരക്ഷ ഉറപ്പുവരുത്താൻ മറ്റ് രണ്ട് സൈനികർ കൂടി ഓപ്പറേഷൻ റൂമിൽ ഉണ്ടായിരുന്നു. കിഴക്കൻ യുക്രെയ്‌നിലെ സോളിദാർ ടൗണിൽ വച്ച് നടന്ന റഷ്യൻ ആക്രമണത്തിലായിരുന്നു സൈനികന് പരിക്കേറ്റത്.
















Comments