ഇസ്ലാമാബാദ്: ലോക പ്രശസ്ത കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസിനെ കാണാൻ വീട് വിട്ടിറങ്ങി രണ്ട് പെൺകുട്ടികൾ. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് കറാച്ചി കൊരങ്ങി പ്രദേശത്ത് നിന്നുള്ള പെൺകുട്ടികളെ കാണാതായത്.
തുടർന്ന് ട്രെയിൻ യാത്രയ്‌ക്കിടെ ലാഹോറിൽ വെച്ചാണ് 13,14 വയസുള്ള പെൺകുട്ടികളെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടികൾ ബിടിഎസിനെ കാണാൻ നാടുവിട്ടതെന്ന് പറഞ്ഞത്.
കൊറിയൻ ബോയ് ബാൻഡിന്റെ കടുത്ത ആരാധകരാണ് പെൺകുട്ടികൾ. ഇരുവരും ബിടിഎസ് സംഘത്തെ കാണാൻ വീടുവിട്ടിറങ്ങിയതാണെന്നും ദക്ഷിണ കൊറിയയിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും പോലീസിനോട് പറഞ്ഞു.
ദക്ഷിണ കൊറിയയിലേക്ക് പോകാൻ പദ്ധതിയിടുന്നത് വെളിപ്പെടുത്തുന്ന ഡയറി പെൺകുട്ടികളുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഡയറിയിൽ നിന്ന് ട്രെയിൻ ടൈംടേബിളുകളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് കണ്ടെടുത്തു. പെൺകുട്ടികൾ ഇരുവരും സുഹൃത്തിനൊപ്പമാണ് പോകാൻ പദ്ധതിയിട്ടിരുന്നത്. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഭവം പുറം ലോകമറിയുന്നത്.
Comments