പട്‌ന: മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് (75) അന്തരിച്ചു. ഇന്നലെ രാത്രി 10.30-ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
കേന്ദ്രമന്ത്രി, എൻഡിഎ കൺവീനർ, ജെഡിയു രാജ്യസഭ കക്ഷി നേതാവ്, ജനതാദൾ പാർലമെന്ററി പാർട്ടി നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980-90 കാലയളവിൽ വിപി സിംഗ് മന്ത്രിസഭയിൽ ടെക്‌സ്റ്റൈൽസ് ആൻഡ് ഫുഡ് പ്രൊസസിംഗ് മന്ത്രിയായിരുന്നു. 1999-2004 കാലഘട്ടത്തിൽ വാജ്‌പേയ് മന്ത്രിസഭയിൽ വ്യോമയാന മന്ത്രിയായും പ്രവർത്തിച്ചു.
വളരെ കാലം ജെഡിയു അദ്ധ്യക്ഷനായിരുന്ന ശരദ് യാദവ് 2017 ൽ നിതീഷ് കുമാറുമായുള്ള പിണക്കത്തെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്ത് പോകുകയായിരുന്നു. തുടർന്ന് ലോക് താന്ത്രിക് ജനതാദൾ രൂപീകരിച്ചുവെങ്കിലും 2018 ൽ അദ്ദേഹം ലാലു പ്രസാദ് യാദവിന്റെ ആർജെഡിയ്‌ക്കൊപ്പം ചേർന്നു.
മദ്ധ്യപ്രദേശിലെ ബാബെയിൽ 1945 ജൂലായ് ഒന്നിനാണ് യാദവിന്റെ ജനനം. ജബൽപുർ എൻജിനിയറിങ് കോളേജിൽനിന്ന് എൻജിനിയറിങ് ബിരുദം നേടി. തുടർന്ന് ഗണിതത്തിൽ ബിരുദാനന്ത ബിരുദവും നേടി. ഭാര്യ: രേഖ. മക്കൾ: സുഭാഷിണി, ശന്തനു.
Comments