കൊച്ചി: ബ്രിട്ടണിലെ കെറ്ററിങ്ങിൽ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു. പൊതുദർശനത്തിന് ശേഷം ഒരുമണിയോടെ വൈക്കത്തെ വീട്ടിൽ മൃതദേഹങ്ങൾ സംസ്‌കരിക്കും. മകളുടെയും കൊച്ചു മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഒരു മാസമായി അഞ്ജുവിന്റെ മാതാപിതാക്കൾ ശ്രമിച്ചു വരികയായിരുന്നു.
വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകളാണ് കൊല്ലപ്പെട്ട അഞ്ജു. കഴിഞ്ഞ മാസം 16-നാണ് അഞ്ജുവിനെയും ആറ് വയസ്സുള്ള മകൻ ജീവയെയും നാല് വയസ്സുള്ള മകൾ ജാൻവിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബ്രിട്ടീഷ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് സാജുവാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ബ്രിട്ടണിലെ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന അഞ്ജു ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ രക്തം വാർന്ന് മരിച്ചു കിടക്കുകയായിരുന്നു അഞ്ജു. കുഞ്ഞുങ്ങൾക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
ബംഗളൂരുവിൽ ജോലി ചെയ്തകാലത്ത് പ്രണയിച്ച് വിവാഹിതരായതാണ് അഞ്ജുവും കണ്ണൂർ സ്വദേശി സാജുവും. കുറെക്കാലം സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്നു ഇരുവരും. അഞ്ജുവിന് കെറ്ററിങിൽ നഴ്സായി ജോലി കിട്ടിയതിനെ തുടർന്ന് ആശ്രിത വിസയിലായിരുന്നു സാജു യുകെയിലെത്തിയത്. നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങൾ മുൻപാണ് ബ്രിട്ടണിലേക്ക് കൂട്ടികൊണ്ടു പോയത്.
Comments