മൊറാദാബാദ്: ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിന് ട്രെയിനിൽ വച്ച് തന്നെ മർദ്ദിച്ചു എന്ന യുവാവിന്റെ പരാതി വിശ്വസനീയമല്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് മൊറാദാബാദിൽ ട്രെയിനിൽ വച്ച് ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിന് മുസ്ലിം യുവാവിനെ മർദ്ദിച്ചു എന്ന വാർത്ത ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിനാണ് തന്നെ മർദ്ദിച്ചത് എന്നാരോപിച്ച് അസിം ഹുസൈൻ എന്നയാൾ രംഗത്തു വരികയായിരുന്നു. പിന്നാലെ, ഇത് മാദ്ധ്യമങ്ങൾ ഏറ്റെടുത്ത് വലിയ വാർത്തയാക്കി. എന്നാൽ, ട്രെയിനിൽ വച്ച് സ്ത്രീയെ യുവാവ് കയറി പിടിച്ചതോടെയാണ് സംഘർഷം ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.
‘താൻ ഡൽഹിയിൽ നിന്ന് മൊറാദാബാദിലേക്ക് പത്മാവത് എക്‌സ്പ്രസിൽ പോകുമ്പോൾ 8-10 പേർ ബഹളമുണ്ടാക്കാൻ തുടങ്ങി. പെട്ടെന്ന് ആരോ ഒരാൾ ‘യേ മുല്ലാ ചോർ ഹേ’ (ഈ മുല്ല ഒരു കള്ളനാണ്) എന്ന് വിളിച്ചു പറഞ്ഞു. പിന്നാലെ, ഒരു സംഘം ആളുകൾ താടിയിൽ പിടിച്ച് വലിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയുമായിരുന്നു. അതിന് വിസമ്മതിച്ചപ്പോൾ ഷർട്ട് ഊരിമാറ്റി ബെൽറ്റുകൊണ്ട് തല്ലി’ എന്നാണ് അസിം ഹുസൈൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇയാളെ മർദ്ദിക്കുന്ന വീഡിയോ പുറത്തു വന്നെങ്കിലും കാരണം വ്യക്തമായിരുന്നില്ല. യുവാവിന്റെ പരാതിയിൽ കേസെടുത്ത് രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്യുകയും മറ്റ് യാത്രക്കാരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ, സംഭവത്തിന് പിന്നിൽ മതപരമായ കാരണങ്ങളല്ല എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സ്ത്രീയെ കയറി പിടിച്ചുവെന്നാരോപിച്ചാണ് ട്രെയിനിൽ വച്ച് അസിം ഹുസൈനെ മർദ്ദിച്ചത്.
‘ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലാണ് മർദ്ദിച്ചതെന്ന ആരോപണം തെറ്റാണ്. ട്രെയിനിൽ വച്ച് അസിം ഹുസൈൻ ചില സ്ത്രീകളോട് മോശമായി പെരുമാറി. ഇതോടെ ചില യാത്രക്കാർ യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ചയ്‌ക്ക് ശേഷമാണ് അസിം ഹുസൈൻ മതരമായ കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകുന്നത്. ഇതിന് മുമ്പ് പല മാദ്ധ്യമങ്ങൾക്കും അദ്ദേഹം മുഖം കൊടുത്തിരുന്നു. ട്രെയിൽ വച്ച് സംഘർഷം നടന്ന സമയത്ത് പോലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരും റെയിൽ വെ പോലീസിനോട് അസിം ഹുസൈൻ സ്ത്രീകളോട് മോശമായി പെരുമാറി എന്നാണ് പറഞ്ഞിരുന്നത്. സംഭവം നടന്ന അന്ന് ഹുസൈൻ ഇവർക്കെതിരെ പരാതി നൽകാത്തിനെ തുടർന്ന് ട്രെയിനിൽ സമാധാനാന്തരീക്ഷം തകർത്തെന്ന കുറ്റം ചുമത്തി മർദ്ദിച്ച രണ്ട് പേർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് യുവാവ് പരാതി നൽകിയത്. പിന്നാലെ, രണ്ട് പേരെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, സംഘർഷത്തിന് പിന്നിൽ മതപരമായ കാരണങ്ങളൊന്നുമില്ല. അന്വേഷണത്തിൽ നിന്നും ഹുസൈൻ പറയുന്നത് തെറ്റാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്’ എന്നും മൊറാദാബാദ് ഡിഎസ്പി ദേവി ദയാൽ പറഞ്ഞു.
Comments