ബെംഗളൂരു: ജമ്മു കശ്മീരിൽ സമാധാനം പുലരാതിരിക്കാൻ ശ്രമിക്കുന്ന ചില ദുഷ്ട ശക്തികളുണ്ടെന്ന് കരസേനമേധാവി ജനറൽ മനോജ് പാണ്ഡെ. ഇന്ത്യൻ സൈന്യം എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും നേരിടാൻ സജ്ജമാണെന്നും അതിർത്തി കടന്ന് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന സംഘങ്ങളെ നേരിടാൻ സൈന്യം ജാഗ്രതയോടെ തുടരുന്നുവെന്നും മനോജ് പാണ്ഡെ പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തിയിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ(എൽഎസി) ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും കരസേനാ മേധാവി വ്യക്തമാക്കി.
‘ജമ്മു കാശ്മീരിൽ ശ്രദ്ധ നേടാനായി മാത്രം ഒരു വിഭാഗം ആളുകളെ തിരഞ്ഞുപിടിച്ച് വധിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘങ്ങൾ ഉണ്ട്. അത്തരം ഒരു നീക്കവും സൈന്യം വച്ച് പൊറുപ്പിക്കില്ല. സൈന്യത്തിന്റെ ഇടപെടലിലൂടെയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം പുന:സ്ഥാപിച്ചത്. ചരിത്രത്തിലാദ്യമായി കരസേനാദിനം ഡൽഹിക്ക് പുറത്ത് ആഘോഷിക്കാൻ തീരുമാനിച്ചത് വിവിധ ജന സമൂഹങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ്. ഇത് കരസേനയ്ക്ക് സുവർണവസരമാണ്’.
‘യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) ശക്തമായ പ്രതിരോധ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇന്ത്യ-ചൈന അതിർത്തിയിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണ്. വടക്കൻ അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാണ്. സമാധാനം നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്’ എന്നും മനോജ് പാണ്ഡെ പറഞ്ഞു. ബെംഗളൂരുവിൽ വാർഷിക സൈനിക ദിന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments