ന്യൂഡൽഹി: ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് വന്നപ്പോൾ സോണിയ ഗാന്ധി പ്രതിസന്ധികൾ നേരിട്ടിരുന്നതായി മകൾ പ്രിയങ്കാ ഗാന്ധി വാദ്ര. ഇറ്റലിക്കാരിയായ അമ്മ ഇന്ത്യൻ സംസ്‌കാരം പഠിക്കാൻ ഏറെ പ്രയാസപ്പെട്ടുവെന്ന് പ്രിയങ്ക പറയുന്നു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ സംസാരിക്കുമ്പോഴായിരുന്നു അമ്മയുടെ കുടിയേറ്റത്തെക്കുറിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക വിശദീകരിച്ചത്.
സോണിയാ ഗാന്ധി അവരുടെ 21-ാം വയസിലാണ് രാജീവ് ഗാന്ധിയുമായി പ്രണയത്തിലാകുന്നത്. ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്ക് അവർ പോന്നത് അദ്ദേഹത്തെ കല്യാണം കഴിക്കാൻ വേണ്ടിയായിരുന്നു. ഇന്ത്യൻ സംസ്‌കാരം പഠിച്ചെടുക്കാൻ അവർ വലിയ പാടുപെട്ടുവെന്നും പ്രിയങ്ക പറഞ്ഞു.
പതിയെ അവർ ഇന്ത്യയെ പഠിച്ചു. ഭർത്താവ് ഇല്ലാതായപ്പോൾ 44-ാം വയസിൽ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ചു. ഒട്ടും ഇഷ്ടമില്ലാതെയായിരുന്നു രാഷ്‌ട്രീയ പ്രവേശനമെന്നും മകൾ ഊന്നിപ്പറഞ്ഞു. അങ്ങനെ അവർ രാജ്യത്തെ സേവിച്ച് ഇതുവരെയും തുടർന്ന് പോന്നു. ഭർത്താവ് ഇല്ലാതായപ്പോഴും അവർ പിടിച്ചുനിന്നത് ഇന്ദിരാഗാന്ധി പകർന്നുതന്ന പാഠം ഉൾക്കൊണ്ടതിനാലാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Comments