പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരനും ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) തലവൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനുമായ അബ്ദുൾ റഹ്മാൻ മക്കിയെ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിൽ(യുഎൻഎസ്‌സി) ആഗോള ഭീകരനായി പട്ടികപ്പെടുത്തി. 2020-ൽ ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന എതിർത്തിരുന്നു. എന്നാൽ, ഭീകരരെ സംരക്ഷിക്കുന്ന പാകിസ്താനും ഇക്കാര്യത്തിൽ പാകിസ്താന് അകമഴിഞ്ഞ് പിന്തുണ നൽകുന്ന ചൈനയ്‌ക്കും ഏറ്റ വലിയ തിരിച്ചടിയാണ് അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി.
യുഎൻഎസ്‌സി 1267 കമ്മിറ്റി എന്നറിയപ്പെടുന്ന ഉപരോധ സമിതിയുടെ കീഴിൽ തീവ്രവാദി അബ്ദുൾ റഹ്മാൻ മക്കിയെ പട്ടികപ്പെടുത്താനുള്ള നിർദ്ദേശം തടഞ്ഞതിന് പിന്നാലെ ചൈനയ്‌ക്കെതിരെ ഇന്ത്യ ആഞ്ഞടിച്ചിരുന്നു. മക്കിയെ ഇന്ത്യയും യുഎസും ആഭ്യന്തര നിയമങ്ങൾ പ്രകാരം തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾക്കു വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിലും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ജമ്മു കശ്മീരിലടക്കം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും മക്കി ഉൾപ്പെട്ടിട്ടുണ്ട്. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനാണ് മക്കി. യുഎസ് നിയുക്ത വിദേശ ഭീകര സംഘടനയായ എൽഇടിയിൽ നേതൃപരമായ വിവിധ ചുമതലകളും ഇയാൾ വഹിച്ചിട്ടുണ്ട്.
ലഷ്‌കർ ഇ ടിയുടെ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണത്തിൽ അബ്ദുൾ റഹ്മാൻ മക്കി പങ്കുവഹിച്ചിട്ടുണ്ട്. ഐഎസ്‌ഐഎൽ (ദാഇഷ്), അൽ-ഖ്വയ്‌ദ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തികൾ, ഗ്രൂപ്പുകൾ, സ്ഥാപനങ്ങൾ എന്നിങ്ങനെയെല്ലാം 1267 (1999), 1989 (2011), 2253 (2015) എന്നീ പ്രമേയങ്ങൾ അനുസരിച്ച് പട്ടികയിൽ ഉൾപ്പെടുത്താൻ 2023 ജനുവരി 16-ന്, സുരക്ഷാ കൗൺസിൽ കമ്മിറ്റി തീരുമാനിച്ചു. സെക്യൂരിറ്റി കൗൺസിൽ പ്രമേയം 2610 (2021) ഖണ്ഡിക 1-ൽ പറഞ്ഞിരിക്കുന്ന ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്‌ക്ക് വിധേയരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ലിസ്റ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Comments