ഡൽഹി: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി ഐക്യരാഷ്‌ട്ര സഭ പ്രഖ്യാപിച്ചത് ഇന്ത്യയുടെ വിജയമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ മുൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ. ഇന്ത്യൻ ജനതയെ ആക്രമിച്ചവർക്കെതിരെയുള്ള പോരാട്ടവും നീതിക്കുവേണ്ടിയുള്ള രാജ്യത്തിന്റെ ശ്രമവുമാണ് ഫലം കണ്ടതെന്നും ചൈനയുടെ ശ്രമങ്ങളെല്ലാം വ്യർത്ഥമാണെന്നും അദ്ദേഹം പറഞ്ഞു. മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും സയ്യിദ് അക്ബറുദ്ദീൻ ചൂണ്ടിക്കാണിച്ചു.
‘ഇന്ത്യയെ തടയാൻ ചൈനയ്‌ക്ക് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി ഐക്യരാഷ്‌ട്ര സഭ പ്രഖ്യാപിച്ചത്. ജനങ്ങളെ ആക്രമിച്ചവർക്കെതിരെയും ഇന്ത്യൻ ജനതയുടെ നീതിക്കു വേണ്ടി ഇന്ത്യ മുന്നോട്ട് വന്നു. എന്നാൽ, അതിനെ ഞെരിച്ചമർത്താൻ ചൈന ശ്രമിക്കുകയാണ് ചെയ്തത്. പക്ഷെ, ചൈനയുടെ ശ്രമം വ്യർത്ഥമായി പോയി. സാജിദ് മിർ, അബ്ദുൾ റൗഫ് അസ്ഹർ, ഷാഹിദ് മഹ്മൂദ്, തൽഹ സയീദ് എന്നിങ്ങനെ നിരവധി തീവ്രവാദികളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
‘പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരർക്കെതിരെ ഇന്ത്യ പോരാടുകയാണ്. നമ്മുടെ ജനങ്ങൾക്ക് നീതിക്കായുള്ള ഇന്ത്യയുടെ അന്വേഷണം തുടരുകയാണ്. യുഎൻ നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഇഎം) തലവനായ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യയ്‌ക്ക് ഒരു ദശാബ്ദത്തിലധികം സമയം കാത്തിരിക്കേണ്ടി വന്നു. എന്നാൽ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനായി വേണ്ടി വന്നത് വെറും 7 മാസം മാത്രം’ എന്നും സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു.
Comments