ഇസ്ലാമാബാദ് : അധോലോക നായകൻ ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായി. ദാവൂദിന്റെ രണ്ടാം ഭാര്യ പാകിസ്താൻ സ്വദേശിയും പത്താൻ കുടുംബാംഗവുമാണ്. ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവൻ അലിഷാ പാർക്കറാണ് വിവാഹ വിവരം പുറത്തുവിട്ടത്. ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകനാണ് അലിഷ.
അധോലോക തീവ്രവാദ ഫണ്ടിംഗ് കേസിൽ എൻഐഎ അലിഷയെ ചോദ്യം ചെയ്തപ്പോഴാണ് ദാവൂദിന്റെ രണ്ടാം വിവാഹക്കാര്യവും പുറത്ത് വന്നത്. ദാവൂദ് തന്റെ ആദ്യ ഭാര്യ മഹ്ജാബിയെ ഇതുവരെ വിവാഹമോചനം ചെയ്തിട്ടില്ലെന്നും അവർ ഇപ്പോൾ കറാച്ചിയിലാണ് താമസിക്കുന്നതെന്നും അലിഷ പറഞ്ഞു.
2022 സെപ്റ്റംബറിലാണ് അലി എൻഐഎയ്‌ക്ക് മുൻപാകെ മൊഴി നൽകിയത്. തുടർന്ന് എൻഐഎ പലയിടത്തും റെയ്ഡ് നടത്തുകയും ദാവൂദിന്റെ ശൃംഖലയിൽപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഏജൻസി കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. മഹ്ജാബിയിൽ നിന്ന് അന്വേഷണ ഏജൻസികളുടെ ശ്രദ്ധ തിരിക്കാനാണ് ദാവൂദ് രണ്ടാം വിവാഹം കഴിച്ചത്. 2022 ജൂലൈയിൽ ദുബായിൽ വെച്ചാണ് അലിഷ മജാബിയെ കണ്ടുമുട്ടുന്നത്. ഈ സന്ദർഭത്തിലാണ് ദാവൂദ് വീണ്ടും വിവാഹിതനായ വിവരം മഹ്ജാബി വെളിപ്പെടുത്തിയത്. വാട്സ്ആപ്പ് കോളുകളിൽ മഹ്ജാബി ഇന്ത്യയിലെ ബന്ധുക്കളുമായി സംസാരിക്കാറുണ്ട്.
ആഗോള തീവ്രവാദ ശൃംഖലയുടെ നേതാവും രാജ്യാന്തര സംഘടിത കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനും കൂട്ടാളി ഛോട്ടാ ഷക്കീലിനും ഡി കമ്പനിയിലെ മറ്റ് മൂന്ന് അംഗങ്ങൾക്കുമെതിരെ കഴിഞ്ഞ വർഷം ഭീകരവിരുദ്ധ അന്വേഷണ ഏജൻസി മുംബൈയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഡി-കമ്പനിയിലെ മുംബൈ സ്വദേശികളായ മൂന്ന് അംഗങ്ങളെ 2022 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ ‘ഡി-കമ്പനി’യുടെ തീവ്രവാദ പ്രവർത്തനങ്ങളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ദാവൂദ് ഇബ്രാഹിം ഹവാല മാർഗത്തിലൂടെ വൻതുക അയച്ചതായി എൻഐഎ ആരോപിച്ചു. കറാച്ചിയിലെ ഡിഫൻസ് ഏരിയയിലാണ് ദാവൂദ് താമസിക്കുന്നത്.
















Comments