കോഴിക്കോട്: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവം വിവാദങ്ങളുടെയും വേർതിരിവുകളുടെയും കൂടി കലോത്സവമായിരുന്നു. പഴയിടം മോഹൻ നമ്പൂതിരിയുടെ ജാതി പറഞ്ഞും വെജിറ്റേറിയൻ ഭക്ഷണത്തെ ചൊല്ലിയും ചിലർ സൃഷ്ടിച്ച വിവാദങ്ങൾ കലോത്സവത്തിന്റെ ശോഭ കെടുത്തി. കലോത്സവങ്ങളിൽ നോൺ വെജ് വിളമ്പണമെന്ന ആവശ്യവുമായി ചിലർ രംഗത്തു വന്നു. പഴയിടത്തെ കൂട്ടം ചേർന്ന് ആക്രമിക്കാൻ നോക്കിയതോടെയും കലോത്സവങ്ങളിൽ നിന്നും ഒഴിവാകുന്നതായി മോഹൻ നമ്പൂതിരി പറഞ്ഞു.
മാംസഹാരം ഉൾപ്പെടുത്തണമെന്ന വാദങ്ങൾക്ക് അനുകൂലമായി ചില മാദ്ധ്യമങ്ങളും രംഗത്തു വന്നു. ഇതോടെ, അടുത്ത വർഷം മുതൽ കലോത്സവത്തിൽ മാംസ ഭക്ഷണവും വിളമ്പും എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. എന്നാൽ, മത്സരത്തിനെത്തുന്ന കുട്ടികൾക്ക് മാംസാഹാരങ്ങൾ കൊടുക്കുന്നത് അവരെ ബാധിക്കുമെന്നും ശാരീരിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നും ആരോഗ്യ വിദഗ്ദരും കലാകാരന്മാരുമടക്കം വലിയ ഒരു വിഭാഗം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ, കലോത്സവത്തിൽ മാംസം വിളമ്പിയാൽ ആവശ്യമായ കോഴിയിറച്ചി പൂർണമായും സൗജന്യമായി നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയാണ് പൗൾട്രി ഫാർമേഴ്സ് ട്രേഡേഴ്സ് സമിതി സംസ്ഥാന ഭാരവാഹികൾ. ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ കോഴി ഇറച്ചി വിഭവം നൽകും. കേരളത്തിൽ എവിടെ കലോത്സവം നടന്നാലും ഇറച്ചി എത്തിക്കാൻ തങ്ങൾ തയ്യാറാണെന്നാണ് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ് എന്നിവർ അറിയിച്ചിരിക്കുന്നത്.
Comments