തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജീവനക്കാർ തമ്മിൽ ഏറ്റമുട്ടുന്നത് പതിവാകുന്നു. ഭരണസിരാകേന്ദ്രത്തിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിലാണ് ജീവനക്കാരുടെ കൈയ്യാങ്കളി. വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടറിയേറ്റിൽ എത്തുന്ന സാധാരണക്കാരായ സന്ദർശകർക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലാണ് പലപ്പോഴും ഇവിടത്തെ അന്തരീക്ഷം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സെക്രട്ടറിയേറ്റിൽ എത്തുന്നവർക്ക് ആവശ്യങ്ങൾ പൂർത്തിയാകാതെ തിരിച്ചു പോകേണ്ട സ്ഥിതിയാണ്.
കഴിഞ്ഞ തിങ്കളാഴ്ച കോൺഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷനിലെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സംഭവത്തിൽ പതിനൊന്ന് പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. അതിന് പിന്നാലെ ഇന്നലേയും ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് നോട്ടീസ് വിതരണ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്‌ക്ക് 1.15 ഓടെ സെക്രട്ടേറിയറ്റ് അനക്‌സ് 2 ൽ നോട്ടീസ് വിതരണം ചെയ്യാനെത്തിയ കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള സംഘത്തെ മറുവിഭാഗത്തിലെ ഓഫീസ് അറ്റൻഡുമാർ ചേർന്ന് തടഞ്ഞു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഒടുവിൽ കന്റോൺമെന്റ് പോലീസ് എത്തിയാണ് ഇരുപക്ഷത്തെയും പിടിച്ചു മാറ്റിയത്.
തിങ്കളാഴ്ച നടന്ന സംഭവത്തിൽ സെക്രട്ടേറിയറ്റ് ജീവനക്കാരായ നെയ്യാറ്റിൻകര ഡി.അനിൽകുമാർ, കെ.റെജി, എ.സുധീർ, എം.എം.ജസീർ, ജയകുമാർ, ജി.ആർ.ഗോവിന്ദ്, രഞ്ജീഷ്, കെ.എം.അനിൽകുമാർ, രാമചന്ദ്രൻ നായർ, രമേശൻ, സതീഷ് കുമാർ എന്നിവർക്കെതിരെയാണ് കേസ രജിസ്റ്റർ ചെയ്തു. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Comments