കടൽ കാറ്റേറ്റ് ഗംഗാധരേശ്വരൻ ; ഭക്തർക്ക് അനുഗ്രഹമായി ആഴിമല; അറിയാം ചരിത്ര പ്രസിദ്ധമായ ശിവക്ഷേത്രത്തിലെ വിശേഷങ്ങൾ

Published by
Janam Web Desk

ശിരസ്സിൽ ഗംഗയെ വഹിച്ച് രൗദ്രവും ചടുലുമായ ഭാവത്തിൽ നിൽക്കുന്ന ഗംഗാധരേശ്വരൻ. തണുത്ത കടൽക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആകാശത്തിന് താഴെ ആഴക്കടലിന് മുകളിൽ ഗംഗേശ്വരന് മുന്നിൽ ഒരു നിമിഷം കൈകൂപ്പി നിൽക്കുക. ഏതൊരു ഭക്തനും അനുഭൂതി നൽകുന്ന നിമിഷമാകും അതല്ലേ. തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് നാല് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആഴിമല ശിവക്ഷേത്രം ഇത്തരത്തിലൊരു അനുഭൂതിയാകും ഭക്തന് നൽകുക. കടലിനോട് ചേർന്നിരിക്കുന്ന ക്ഷേത്രമെന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

തിരുവനന്തപുരത്തെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് വിഴിഞ്ഞത്തിന് സമീപമുള്ള ആഴിമല ശിവക്ഷേത്രം. ശൈവ ഭക്തരോടോപ്പം തന്നെ വിനോദ സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്. കടൽത്തീരത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്നതാണ് ഈ ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇവിടെ ഉള്ളത്. കടലിന്റെയും പാറക്കൂട്ടങ്ങളുടെയും പശ്ചാത്തലത്തിൽ ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശിൽപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുമാണ്. പൂർണ്ണമായും കോൺക്രീറ്റിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഗൗരവവും സന്തോഷവും ചേർന്ന ഭാവങ്ങളുമായി ജടയഴിച്ച് ഗംഗാദേവിയെ മോചിപ്പിക്കുന്ന പരമശിവനെയാണ് ഈ ശിൽപത്തിൽ കാണാൻ കഴിയുന്നത്. കടലിനോട് വളരെ ചേർന്നുള്ളതിനാൽ കടൽക്കാറ്റിനെ പ്രതിരോധിക്കുന്ന തരത്തിലാണ് രൂപകൽപ്പന. ശിവരൂപത്തിന് താഴെ മൂന്ന് നിലകളിലായി 3,500 ചതുരശ്രയടി വിസ്തീർണമുള്ള ധ്യാനമണ്ഡപവും നിർമ്മിക്കുന്നുണ്ട്. ഗുഹാസമാനമായ മണ്ഡപത്തിലേക്ക് ഗംഗാധരേശ്വര പ്രതിമയുടെ സമീപത്തെ ചെറിയ കവാടത്തിലൂടെ 27 പടികൾ കടന്നാണ് പ്രവേശിക്കുന്നത്. മണ്ഡപത്തിൽ ശിവന്റെ ശിൽപ്പം, അർദ്ധനാരീശ്വര ശിൽപ്പം, ഒമ്പത് കവാടങ്ങൾ, ശിവരൂപത്തിനെ താങ്ങിനിൽക്കുന്ന തൂണുകളിൽ ശിവചരിതം പറയുന്ന ശിൽപ്പങ്ങൽ എന്നിവയും കൊത്തിവെച്ചിട്ടുണ്ട്.

പ്രതിമ നിൽക്കുന്ന സ്ഥലത്ത് യോഗികൾ തപസ്സിരുന്നുവെന്നാണ് ഐതിഹ്യം. പഞ്ചപാണ്ഡവൻമാർ വനവാസ കാലത്ത് ഇവിടെ വന്നതായും ഐതീഹ്യമുണ്ട്. ശ്രീനാരായണ ഗുരുവിന്റെ നിർദേശാനുസരമാണ് ഇവിടെ ക്ഷേത്രം സ്ഥാപിക്കുന്നത്. ആഴിമല സ്വദേശി തന്നെയായ പിഎസ് ദേവദത്തൻ എന്ന യുവശിൽപി ആറ് വർഷങ്ങൾ കൊണ്ടാണ് ശിൽപം യാഥാർത്ഥ്യമാക്കിയത്. ഇപ്പോൾ ആയിരക്കണക്കിന് തീർത്ഥാടകരും സഞ്ചാരികളുമാണ് ആഴിമലയിലെത്തുന്നത്.

ശിവനുമായി ബന്ധപ്പെട്ട ക്ഷേത്രമായതിനാൽ ചൊവ്വാഴ്ചയാണ് ഇവിടെ ഏറ്റവും അധികം ആളുകൾ എത്തുന്ന ദിവസം. ദൂരദേശങ്ങളിൽ നിന്നു പോലും അന്നേ ദിവസം ഇവിടെ ആളുകളെത്തുന്നു. മകരമാസത്തിലെ ഉതൃട്ടാതി ആറാട്ടായി നടക്കുന്ന പത്തു ദിവസത്തെ ഉത്സവമാണ് ഇവിടുത്തെ പ്രധാന ചടങ്ങ്. ഉദയാസ്തമയ പൂജ, പ്രദേഷ പൂജ. ആയില്യ പൂജ, ഉമാ മഹേശ്വരി പൂജ, ദിവസ പൂജ തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേക പൂജകൾ.

Share
Leave a Comment