മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് തുടക്കം കുറിച്ചു. മലൈക്കോട്ടൈ വാലിബന്റെ പൂജ രാജസ്ഥാനിൽ നടന്നു. ഇതിന്റെ ചിത്രങ്ങൾ മോഹൻലാൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. മോഹൻലാലിനും ലിജോ ജോസ് പെല്ലിശ്ശേരിക്കുമൊപ്പം സംവിധായകൻ ടിനു പാപ്പച്ചൻ, നിർമ്മാതാവ് ഷിബു ബേബി ജോൺ എന്നിവരും പൂജയിൽ പങ്കെടുത്തു. ആരാധകർ ഏറെ നാളായ കാത്തിരിക്കുന്ന കോംമ്പോ ആണ് മോഹൻലാൽ-ലിജോ കൂട്ടുക്കെട്ട്. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധ നേടിയ ചിത്രത്തിന് മേൽ സിനിമാ പ്രേമികൾക്കും ആരാധകർക്കും വലിയ പ്രതീക്ഷയാണുള്ളത്.
ചിത്രീകരണത്തിൽ പങ്കെടുക്കാനായി ജനുവരി 17-നാണ് മോഹൻലാൽ രാജസ്ഥാനിൽ എത്തിയത്. ജോധ്പൂർ വിമാനത്താവളത്തിൽ എത്തിയ താരത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഒക്ടോബർ 25-ന് ആയിരുന്നു പ്രോജക്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ടൈറ്റിലും ചില അണിയറ പ്രവർത്തകരുടെ പേരുവിവരങ്ങളുമല്ലാതെ ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. മറാഠി നടി സൊണാലി കുൽക്കർണിയും ഹരീഷ് പേരടിയും മോഹൻലാലിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുൽ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യർ. പി.എസ് റഫീക്കിന്റേതാണ് തിരക്കഥ. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോർ ആണ് സ്റ്റൻണ്ട് മാസ്റ്റർ. ദീപു ജോസഫ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു.
















Comments