കോട്ടയം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന സമരവുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിനെയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും വിമർശിച്ച് നടൻ ജോയ് മാത്യു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തു നിന്നും അടൂർ ഗോപാലകൃഷ്ണൻ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും പാർശ്വവൽക്കരിക്കപ്പെട്ടവരോടും ദളിതരോടും ആദിവാസികളോടുമൊപ്പമാണ് തങ്ങളെന്ന കപട നാട്യവുമായി വിദ്യാർത്ഥികളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ് ഇടതുപക്ഷ സർക്കാർ എന്നും നടൻ പറഞ്ഞു.
‘കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ ആകെ ചെയ്യേണ്ടത് മലയാള സിനിമയുടെ അഭിമാനമായ അടൂർജി ഇതൊരു ആനക്കാര്യമല്ലെന്ന് മനസ്സിലാക്കി കൂളായി സ്ഥാനം ഒഴിഞ്ഞേക്കുക. കൂടെ തന്റെ ആത്മസുഹൃത്തിന്റെ മകനും ഫിലിം ഫെസ്റ്റിവൽ ജീവിമാത്രവുമായ ശങ്കർ മോഹനെയും കൂട്ടിക്കൊണ്ട് പോവുക. നല്ല പടം പിടിച്ച് വീണ്ടും പ്രശസ്തനാകുക’.
‘വിദ്യാർത്ഥികളോട് പറയാനുള്ളത്, പാർശ്വവൽക്കരിക്കപ്പെട്ടവരോടും ദളിതരോടും ആദിവാസികളോടുമൊപ്പമാണ് തങ്ങളെന്ന കപട നാട്യവുമായി വിദ്യാർത്ഥികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ‘ഇടത്പച്ച’ സർക്കാർ അടൂരിനെയോ അദ്ദേഹത്തിന്റെ അടരായ ശങ്കർ മോഹന ദേഹത്തെയോ പുറത്താക്കുമെന്ന സ്വപ്നം കാണുകയേ വേണ്ട. എന്തുതന്നെയായാലും ഞാൻ വിദ്യാർഥികളോടൊപ്പമാണ്. പണ്ട് “മുഖാമുഖം “എന്ന അടൂരിന്റെ മികച്ച ഒരു സിനിമയെ കമ്യൂണിസ്റ്റ് വിരുദ്ധം എന്ന് പറഞ്ഞു നഖശിഖാന്തം എതിർത്തവരാണ് ഈ ഇടത് പച്ചം എന്നോർക്കുമ്പോൾ ചിരിയല്ല കരച്ചിലാണ് വരുന്നത്’ എന്നാണ് ജോയ് മാത്യു ഫേയ്സ്ബുക്കിൽ പരിഹസിച്ചു കൊണ്ട് കുറിച്ചത്.
















Comments