ഹൈദരാബാദ്: ന്യൂസിലൻഡിന് എതിരായ ഒന്നാം ഏകദിനത്തിൽ വെടിക്കെട്ട് തീർത്ത് ഗിൽ. ഇരട്ട സെഞ്ച്വറിയുമായി ഗില്ല് മുന്നിൽ നിന്ന് നയിച്ചതോടെ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ നേടിയത് 349 എന്ന കൂറ്റൻ സ്കോർ. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ കണ്ടത് ശുഭ്മാൻ ഗില്ലിന്റെ ത്രില്ലിംഗ് കളി. 145 പന്തിലായിരുന്നു ഗില്ല് ഡബിൾ സെഞ്ച്വറി നേടിയത്. ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങിയ ഗിൽ 48.2 ഓവർ വരെ ക്രീസിൽ തന്നെ നിന്നു. 149 പന്തിൽ 19 ഫോറും 9 സിക്‌സറുമടക്കം 208 റൺസാണ് അടിച്ചു കൂട്ടിയത്.
ശ്രീലങ്കക്കെതിരായ കഴിഞ്ഞ ഏകദിനത്തിൽ സെഞ്ച്വറി എടുത്ത ചൂട് ആറി തീരുന്നതിന് മുമ്പാണ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ ഇരട്ട സെഞ്ച്വറി ഗില്ല് കയ്യിലൊതുക്കുന്നത്. ഇതോടെ ഒരു റെക്കോർഡും താരം തന്റെ പേരിലാക്കി. ഏകദിനത്തിൽ അതിവേഗം 1000 റൺസ് തികയ്‌ക്കുന്ന ബാറ്ററെന്ന റെക്കോർഡാണ് ഗില്ലിന് സ്വന്തമായിരിക്കുന്നത്.
87 പന്തിൽ കരിയറിലെ മൂന്നാം ഏകദിന സെഞ്ച്വറിയിലെത്തിയ ഗിൽ, 19 ഇന്നിംഗ്സുകളിൽ നിന്ന് 1000 റൺസ് പൂർത്തിയാക്കി. ഡബിൾ സെഞ്ച്വറി എടുക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററാണ് ഗിൽ. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ, ഇഷാൻ കിഷൻ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. എന്നാൽ, ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമായി ശുഭ്മാൻ ഗില്ല് മാറി. ഇതിന് മുമ്പ്, ബംഗ്ലാദേശിനെതിരെ റെക്കോർഡ് ഇരട്ട സെഞ്ച്വറി(131 പന്തിൽ 210) നേടി കൊണ്ട് ഇഷാൻ കിഷനായിരുന്നു ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്.
Comments