ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ആദി ശങ്കരനോട് ഉപമിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലേക്ക് ഭാരത് ജോഡോ യാത്ര പ്രവേശിച്ച സാഹചര്യത്തിലാണ് രാഹുലിനെ തീർത്തും വ്യത്യസ്തമായ രീതിയിൽ വിശേഷിപ്പിച്ചത്.
ജമ്മു കശ്മീരിലെ ലഖാൻപൂരിൽ വേദിയിൽ രാഹുൽ ഇരിക്കവെ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഫറൂഖ് അബ്ദുള്ളയുടെ പരാമർശം. ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന് ശേഷം ഇത് രണ്ടാമത്തെ തവണയാണ് ആത്മീയ ആചാര്യന്മാരോട് രാഹുലിനെ പലരും താരതമ്യപ്പെടുത്തുന്നത്. നേരത്തെ ശ്രീരാമനുമായി രാഹുലിനെ ഉപമിച്ചിരുന്നു.
ആദി ശങ്കരനുശേഷം കന്യാകുമാരി മുതൽ കശ്മീർ വരെ പദയാത്ര നടക്കുന്ന ആദ്യത്തെ വ്യക്തിയാണ് രാഹുലെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള പറഞ്ഞു. നൂറ്റാണ്ടുകൾക്ക് മുമ്പ് ശങ്കരാചാര്യർ ഇവിടെയെത്തിയിരുന്നു. റോഡുകൾ ഉണ്ടായിരുന്നപ്പോഴല്ല, മറിച്ച് ഇവിടം കാടുപിടിച്ച് കിടന്നിരുന്നപ്പോഴാണ് അദ്ദേഹം നടന്നിരുന്നത്. ഇപ്പോൾ കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് രാഹുലും നടന്നെത്തിയിരിക്കുകയാണെന്ന് ഫറൂഖ് അബ്ദുള്ള പ്രസംഗിച്ചു. ഇന്ത്യയെ ഐക്യപ്പെടുത്തുകയാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments