ലക്നൗ: പ്രയാഗ്‌രാജ്, വാരണാസി, മീററ്റ് ഡിവിഷനുകളുടെ വികസന പദ്ധതികൾ പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫെബ്രുവരി 10 മുതൽ 12 വരെ ലക്‌നൗവിൽ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി 2023-നെ കുറിച്ച് അദ്ദേഹം വിശദമായി വിവരിച്ചു. ജിഐഎസ്-2023 ന് മുന്നോടിയായി ജില്ലാതലത്തിൽ സമ്മേളനം സംഘടിപ്പിക്കും. ജിഐഎസ്-2023 ഒരു ചരിത്ര സംഭവമായിരിക്കും. വിവിധ ജില്ലാതല സമ്മേളനങ്ങളിലും കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തിന്റെ നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ട് എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
മീററ്റ്, ബാഗ്പത്, ഗാസിയാബാദ്, ഹാപൂർ, ഗൗതം ബുദ്ധ നഗർ, ബുലന്ദ്ഷഹർ, വാരണാസി, ജൗൻപൂർ, ഗാസിപൂർ, ചന്ദൗലി, പ്രയാഗ്‌രാജ്, കൗശാംബി, ഫത്തേപൂർ, പ്രതാപ്ഗഡ് ജില്ലകളിലെ ജനപ്രതിനിധികൾ മുഖ്യമന്ത്രിയെ ജനങ്ങളുടെ അഭിലാഷങ്ങൾ അറിയിക്കുകയും പുതിയ വികസന പദ്ധതികൾക്കായി നിർദേശങ്ങൾ നൽകുകയും ചെയ്തു. എംപിമാരിൽ നിന്നും എംഎൽഎമാരിൽ നിന്നും വിവിധ വികസന പദ്ധതികളുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിയുകയും സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായ നയം പരസ്യപ്പെടുത്താൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. സർവകലാശാലകളിലും കോളേജുകളിലും പോളിടെക്‌നിക്കുകളിലും സംസ്ഥാന സർക്കാരിന്റെ നയങ്ങളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കണമെന്നും ഈ ചർച്ചകളിൽ ജനപ്രതിനിധികൾ പങ്കെടുക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
വ്യാപാരം, സാങ്കേതിക വിദ്യ, വിനോദസഞ്ചാരം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മന്ത്രം’ പിന്തുടർന്ന് ഉത്തർപ്രദേശ് പുതിയ ഉയരങ്ങൾ കൈവരിക്കുകയാണ്. മെച്ചപ്പെട്ട ക്രമസമാധാന നിലയും നയപരിഷ്കാരങ്ങളും കണക്കിലെടുത്ത് ഇന്ത്യയിലും ലോകത്തും നിക്ഷേപത്തിനുള്ള ഏറ്റവും മികച്ച സ്ഥലമായി ഉത്തർപ്രദേശ് വളർന്നുവരുകയാണ്. സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ ജനപ്രതിനിധികൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമഫലമായി പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും സാഹസികതയുടെയും കേന്ദ്രമായി വാരണാസി മാറുന്നു. സംസ്ഥാനത്തെ ആദ്യത്തെ കായിക സർവകലാശാല മീററ്റിലും ഏഷ്യയിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര വിമാനത്താവളം ജെവാറിലുമാണ് വരുന്നുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
















Comments