ഇസ്ലാമാബാദ്: വൈദ്യുതിയില്ലാതെ വലഞ്ഞ് പാകിസ്താൻ. രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഗുഡ്ഡുവിൽ നിന്ന് ക്വറ്റയിലേക്കുള്ള രണ്ട് ട്രാൻസ്മിഷൻ ലൈൻനുകൾ പൂർണമായും തകർന്നതാണ് വൈദ്യുതി നിലയ്‌ക്കാൻ കാരണം.
ഇന്ന് പുലർച്ചെ, 7.30 മുതൽ കറാച്ചി, ലാഹോർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ വൈദ്യുതി പൂർണ്ണമായും തടസ്സപ്പെട്ടെതായി പാക് മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടിട്ടുണ്ടെന്നും പ്രശ്‌നങ്ങൾ പരിശോധിച്ച് പരിഹാരം കണ്ടെത്തുമെന്നും വൈദ്യുത മന്ത്രാലയ വക്താവ് പ്രതികരിച്ചു.
സംഭവ വികാസങ്ങൾ ശരിവെച്ചുകൊണ്ട് ജിയോ ന്യൂസും രംഗത്ത് എത്തിയിട്ടുണ്ട്. ഗുഡ്ഡുവിൽ നിന്ന് ക്വറ്റയിലേക്കുള്ള രണ്ട് ട്രാൻസ്മിഷൻ ലൈൻസ് പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇത് കാരണം 22 ജില്ലകളിലും വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ടെന്നും ചാനൽ റിപ്പോർട്ട് ചെയ്തു.
പണപ്പെരുപ്പം കൊണ്ട് വലയുന്ന പാകിസ്താനിൽ പ്രതിസന്ധികളിൽ നിന്നും കരകയറാൻ സർക്കാർ പുതിയ പദ്ധതികൾ രൂപീകരിക്കുകയാണ്. 24.5 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. ഡോളറുമായുള്ള പാകിസ്താൻ രൂപയുടെ വിനിമയമൂല്യം 30 ശതമാനത്തോളമാണ് ഇടിഞ്ഞത്.
പാകിസ്താനിൽ ഫോസിൽ ഇന്ധനത്തിന്റേയും വൈദ്യുതിയുടേയും ഉപയോഗത്തിനും നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിനെ തുടർന്ന് ഷോപ്പിങ് മാളുകളും മാർക്കറ്റുകളും ഓഡിറ്റോറിയങ്ങളുടെയും പ്രവർത്തന സമയം ചുരുക്കിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് രാജ്യത്തെ മാളുകൾക്കും രാത്രി 8.30- വരെ മാത്രമേ പ്രവർത്തിക്കാനാകൂ. റെസ്റ്റോറന്റുകളും കല്യാണമണ്ഡപങ്ങളും രാത്രി 10 മണിക്ക് അടയ്‌ക്കാനായിരുന്നു നിർദേശം. ഇന്ധന ഇറക്കുമതി പരമാവധി കുറക്കുകയാണ് പാക് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
Comments