നാഗ്പൂർ: ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് അന്താരാഷ്‌ട്ര പ്രൊഫഷണൽ ഗുസ്തി താരം ദലിപ് സിംഗ് റാണ എന്ന ഗ്രേറ്റ് ഖാലി. ഞായറാഴ്ചയാണ് താരം നാഗ്പൂരിലെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ആസ്ഥാനം സന്ദർശിച്ചത്. ആർഎസ്എസിന്റെ ആദ്യ സർസംഘചാലക് ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെയും ദ്വിതീയ സർസംഘചാലക് ഗുരുജി ഗോൾവാൾക്കറിന്റെയും സ്മൃതി മണ്ഡപത്തിലെത്തി ഗ്രേറ്റ് ഖാലി പുഷ്പാർച്ചന നടത്തി.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഗ്രേറ്റ് ഖാലി ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തിയായിരുന്നു താരം ബിജെപിയിൽ അംഗത്വം എടുത്തത്. ‘ബിജെപിയിൽ ചേർന്നതിൽ സന്തോഷമുണ്ട്. രാജ്യത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനമാണ് എന്നെ ആകർഷിച്ചത്. രാജ്യത്തിന്റെ വികസനത്തിനായുള്ള ഭരണത്തിന്റെ ഭാഗമാകാൻ ഞാൻ തീരുമാനിച്ചു. ദേശീയ നയമാണ് ബിജെപിയുടേത് ‘ എന്നുമായിരുന്നു പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം ഗ്രേറ്റ് ഖാലി പറഞ്ഞത്.
2000-ലാണ് ഖാലി തന്റെ പ്രൊഫഷണൽ ഗുസ്തിയിൽ അരങ്ങേറ്റം കുറിച്ചത്. തന്റെ ഡബ്ല്യുഡബ്ല്യുഇ കരിയർ ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. നാല് ഹോളിവുഡ് ചിത്രങ്ങളിലും രണ്ട് ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2021 ഡബ്ല്യുഡബ്ല്യുഇ ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.
Comments