മലയാളികളുടെ പ്രിയപ്പെട്ട യുവ സംവിധായകരിലൊരാളാണ് അൽഫോൺസ് പുത്രൻ. നേരം, പ്രേമം എന്നി വിജയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതീ പിടിച്ചുപറ്റിയ സംവിധായകന്റെ ഏറ്റവും പുതിയ ചിത്രമായ ഗോൾഡ് ട്രോളുകളിൽ നിറഞ്ഞിരുന്നു. പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം സിനിമാ പ്രേമികൾക്ക് നിരാശയാണ് സമ്മാനിച്ചത്. പിന്നാലെ, അൽഫോൺസ് പുത്രനെയും പൃഥ്വിരാജ് നൽകിയ അഭിമുഖങ്ങളെയും പരിഹസിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു. ഇപ്പോഴിതാ, തന്നെ ട്രോളുന്നവർക്കും പരിഹസിക്കുന്നവർക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യൽ മീഡിയയിൽ നിന്ന് അദ്ദേഹം നീക്കം ചെയ്തു.
‘എന്നെ ട്രോളുന്നതും എന്നെയും എന്റെ ഗോൾഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങൾ പറയുന്നതും നിങ്ങളുടെ സംതൃപ്തിക്കു വേണ്ടിയാണ്. അത് നിങ്ങൾക്ക് മാത്രമാണ് നല്ലത്. എനിക്ക് വേണ്ടിയല്ല ഇതൊന്നും. അതുകൊണ്ട് ഇന്റർനെറ്റിൽ മുഖം കാണിക്കാതെ ഞാൻ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഞാൻ നിങ്ങളുടെ അടിമയല്ല. എന്നെ കളിയാക്കാനും പരസ്യമായി അപമാനിക്കാനും ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല’.
‘നിങ്ങൾക്ക് എന്റെ സിനിമകൾ കാണുകയോ കാണാതിരിക്കുകയോ ചെയ്യാം. എന്നാൽ എന്റെ പേജിൽ വന്ന് ദേഷ്യം കാണിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്താൽ, ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷനാകും. ഞാൻ പഴയതുപോലെ അല്ല. എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും എനിക്ക് നന്ദിയുണ്ട്. അവരോട് ഞാൻ കടപ്പെട്ടവനാണ്. എന്നാൽ, ഞാൻ വീണു പോയപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും ഞാൻ മറക്കില്ല. ആരും മനഃപൂർവം വീഴില്ല. അത് സ്വാഭാവികമാണ്. എന്നെ വീഴ്ത്തിയ പ്രകൃതി തന്നെ എന്നെ സംരക്ഷിക്കുകയും ചെയ്യും’ എന്നാണ് അൽഫോൺസ് പുത്രൻ ഫേയ്സ്ബുക്കിൽ കുറിച്ചത്.
Comments