ന്യൂഡൽഹി: ഷാങ്ഹായി കോ-ഓപറേഷൻ ഓർഗനൈസേഷന്റെ (എസ് സി ഒ) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം മെയ് 4,5 തിയതികളിൽ ഗോവയിൽ. സമ്മേളനത്തിലേക്ക് ചൈനയെയും, പാകിസ്താനെയും ഇന്ത്യ ക്ഷണിച്ചതായി റിപ്പോർട്ട്.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയിലെയും, പാകിസ്താനിലെയും നയതന്ത്ര വിദഗ്ദർ വഴിയാണ് ഇരു രാജ്യങ്ങളെയും ക്ഷണിച്ചത്. ഒരു ദശാബ്ദത്തിലേറെയായി
ഒരു പാകിസ്താൻ വിദേശകാര്യ മന്ത്രിയും ഇന്ത്യ സന്ദർശിച്ചിട്ടില്ല.
കഴിഞ്ഞ വർഷാവസാനം നടന്ന എസ് സി ഒ ഫിലിം ഫെസ്റ്റിൽ പങ്കെടുക്കാത്ത ഏക രാജ്യം പാകിസ്താനായിരുന്നു. അതുകൊണ്ട് തന്നെ എസ് സി ഒയുടെ ഈ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള സാധ്യത വളരെ കുറവാണ്.
ഇന്ത്യയുമായി സഹകരിക്കാൻ താത്പര്യമുള്ളതായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രതികരിച്ചിരുന്നു. യുഎഇയിലെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. കഴിഞ്ഞ മൂന്ന് യുദ്ധങ്ങളിൽ നിന്ന് തന്റെ രാജ്യം പാഠം പഠിച്ചുവെന്നും യുദ്ധങ്ങൾ പാകിസ്താന് പട്ടിണിയും തൊഴിലില്ലായ്മയുമാണ് സമ്മാനിച്ചതെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
20 വർഷം പഴക്കമുള്ള ഷാങ്ഹായി സഹകരണ സംഘടനയിൽ റഷ്യ, ഇന്ത്യ, ചൈന, പാകിസ്താൻ, കസാഖിസ്താൻ, കിർഗിസ്താൻ, താജിക്കിസ്താൻ, ഉസ്‌ബെക്കിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളാണ് അംഗങ്ങൾ. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ അവസാന യോഗം ഉസ്‌ബെക്കിസ്ഥാനിലെ സമർകണ്ടിലാണ് നടന്നത്.
















Comments