ന്യൂഡല്‍ഹി: യുവ സമ്മതിദായകരാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി തീരുമാനിക്കുന്നതെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. 2000ന് ശേഷം ജനിച്ച പുതുതലമുറ സമ്മതിദായക പട്ടികയില്‍ അംഗങ്ങളായി തുടങ്ങിയിട്ടുണ്ടെന്നും അവരാണ് ജനാധിപത്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതെന്നും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ പറഞ്ഞു. ദേശീയ സമ്മതിദാനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍തലം മുതല്‍ വിദ്യാര്‍ത്ഥികള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ മനസ്സിലാക്കണമെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. യുവ തലമുറയെ വോട്ട് ചെയ്യാന്‍ പ്രേരിക്കുന്നതിനായി ഇലക്ഷന്‍ കമ്മീഷന്‍ വ്യാപകമായ പ്രചാരണമാണ് നടത്തുന്നതെന്നും എന്നാല്‍ നഗര പ്രദേശങ്ങളിലുള്ളവര്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ നിസംഗത കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എല്ലാ പോളിങ് ബൂത്തികളിലും ശുചിമുറി, വൈദ്യുതി, കുടിവെള്ളം, റാംപ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും സുസ്ഥിരമായ രീതിയില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ പാഴ്‌ചെലവ് കുറയ്‌ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 25 നാണ് ദേശീയ ഇലക്ഷന്‍ കമ്മീഷന്‍ നിലവില്‍ വന്നത്. 2011-മുതലാണ് ജനുവരി 25 ദേശീയ സമ്മതിദാന ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ‘വോട്ട് ചെയ്യുന്നതോളം മഹത്തരം മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും’ എന്നാണ് പതിമൂന്നാമത് സമ്മതിദാനദിനത്തിന്റെ സന്ദേശം. ഇതുവരെ 17 ലോക്സഭാ തിരഞ്ഞെടുപ്പുകളും 16 രാഷ്‌ട്രപതി ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പുകളും 399 നിയമസഭാ തിരഞ്ഞെടുപ്പുകളും ഇലക്ഷന്‍ കമ്മീഷന്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















Comments